അമിത് ഷായും ഗഡ്കരിയും രാജ്‌നാഥും വകുപ്പുകൾ നിലനിർത്തിയേക്കും; ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ടുവീതം മന്ത്രിമാർ
text_fieldsന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാറിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്കും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനും രണ്ടു വീതം മന്ത്രി സ്ഥാനം ലഭിക്കുമെന്ന് സൂചന. ഒരു കാബിനറ്റ് ബെർത്തും ഒരു സഹമന്ത്രിസ്ഥാനവുമായിക്കും നൽകിയേക്കുക.
സ്ഥാനമൊഴിയുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, റോഡ്‌സ് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എന്നിവർ തങ്ങളുടെ വകുപ്പുകൾ നിലനിർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. രാജ്യസഭാ എം.പിമാരായ നിർമല സീതാരാമനും ഡോ.എസ് ജയശങ്കറും തുടർന്നേക്കും. കേരളത്തിൽ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയേയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
മറ്റു സഖ്യകക്ഷികളിൽ, ചിരാഗ് പാസ്വാൻ എൽ.ജെ.പി (രാം വിലാസ്), ജെ.ഡി.എസിലെ എച്ച്ഡി കുമാരസ്വാമി, അപ്നാ ദളിൻ്റെ അനുപ്രിയ പട്ടേൽ (സോണലാൽ), ആർ.എൽ.ഡിയുടെ ജയന്ത് ചൗധരി, ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ ജിതൻ റാം മാഞ്ചി എന്നിവർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.
ഏകനാഥ് ഷിൻഡെയുടെ ശിവസേനയെ പ്രതിനിധീകരിച്ച് ബുൽധാന എം.പി പ്രതാപ് റാവു ജാദവ് എത്തിയേക്കും. രാജ്യസഭാ എം.പിയും ബി.ജെപിയുടെ ദീർഘകാല സഖ്യകക്ഷിയായ റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എ) തലവനുമായ രാംദാസ് അത്താവലെയും മന്ത്രിയാകാൻ ഒരുങ്ങുന്നുണ്ട്.
ശനിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ 11 മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിന് ശേഷമാണ് പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.