ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് എത്താത്ത 20 എം.പിമാർക്ക് ബി.ജെ.പി നോട്ടീസ് അയക്കും
text_fieldsന്യൂഡൽഹി: ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ലിന്മേലുള്ള വോട്ടെടുപ്പിനിടെ ഹാജരാകാതിരുന്ന 20 എം.പിമാർക്ക് ബി.ജെ.പി നോട്ടീസ് അയക്കും. ഇന്ന് സഭയിൽ ഹാജരാകാൻ എല്ലാ ലോക്‌സഭാ എം.പിമാർക്കും ബി.ജെ.പി മൂന്ന് വരി വിപ്പ് നൽകിയിരുന്നു. എന്നാൽ ഏതാനും പേർ എത്താതിരുന്ന സാഹചര്യത്തിലാണ് പാർട്ടി നോട്ടീസ് അയക്കാൻ തീരുമാനിച്ചത്.
ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താൻ വഴിയൊരുക്കുന്ന രണ്ട് ബില്ലുകളാണ് ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചത്. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ 129-ാം ഭേദഗതി ബില്ലായി പദ്ധതി അവതരിപ്പിച്ചു. 90 മിനിറ്റോളം നീണ്ട ചർച്ചയ്‌ക്കുശേഷം നടന്ന വോട്ടെടുപ്പിൽ 269 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 198 പേർ എതിർത്തു.
കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി യോജിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണ പ്രദേശ ഭേദഗതി ബില്ലും മേഘ്‌വാൾ അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കായി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) അയച്ചിട്ടുണ്ട്. ജെപിസിയുടെ റിപ്പോർട്ട് ക്യാബിനറ്റ് പരിഗണിച്ചശേഷം വീണ്ടും ബില്ലുകൾ സഭയിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
എന്നാൽ ബിൽ രാജ്യത്തെ ഫെഡറൽ തത്ത്വങ്ങൾക്കെതിരാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ബില്ലുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത കോൺഗ്രസ് അംഗം മനീഷ് തിവാരി, ഭരണഘടനയുടെ ചില സവിശേഷതകൾ പാർലമെന്റിന്റെ ഭേദഗതി അധികാരത്തിന് അതീതമാണെന്ന് ചൂണ്ടിക്കാണിച്ചു. അടിസ്ഥാന ഘടനാ സിദ്ധാന്തത്തിന് മേലുള്ള ആക്രമണമാണിതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ തിവാരി പറഞ്ഞു. പുതിയ ബില്ലുകൾ പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.