പഞ്ചാബ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി; കോടികൾ കോഴ വാഗ്ദാനം ചെയ്തെന്ന്
text_fieldsചണ്ഡിഗഢ്: പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാറിനെ അട്ടിമറിക്കാൻ പത്ത് ആം ആദ്മി പാർട്ടി എം.എൽ.എമാർക്ക് ബി.ജെ.പി 20 മുതൽ 25 കോടി രൂപവരെ വാഗ്ദാനം ചെയ്തെന്ന് ആരോപണം. ഇതര പാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ 'ഓപറേഷൻ താമര' പദ്ധതിയുടെ ഭാഗമായിരുന്നു നീക്കമെന്ന് ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് ധനമന്ത്രിയുമായ ഹർപാൽ സിങ് ചീമ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പണവും മന്ത്രിപദവും വാഗ്ദാനം ചെയ്ത്, ബി.ജെ.പിയുടെ പേരിൽ ചിലർ ടെലിഫോണിൽ എം.എൽ.എമാരെ ബന്ധപ്പെടുകയായിരുന്നു. ബി.ജെ.പി കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയവരാണിവരെന്നും ചീമ ആരോപിച്ചു. ഡൽഹിയിലെ വലിയ നേതാക്കളെ കാണാൻ അവസരമൊരുക്കാമെന്നും കൂടുതൽ എം.എൽ.എമാർ വന്നാൽ 25 കോടി എന്ന തുക വർധിപ്പിക്കാമെന്നും അവർ പറഞ്ഞു.
ഡൽഹിയിലും സമാനരീതിയിൽ എം.എൽ.എ മാരെ വലയിലാക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടു. വേണ്ടസമയത്ത് പാർട്ടി ഇതിന്റെ തെളിവ് പുറത്തുവിടാൻ തയാറാണെന്ന് പറഞ്ഞ ചീമ, എം.എൽ.എമാരുടെ പേര് വെളിപ്പെടുത്തിയില്ല. ആരോപണത്തോട് ബി.ജെ.പി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.