ദേശീയ പാർട്ടികളിൽ കൂടുതൽ വരുമാനം ബി.ജെ.പിക്ക് തന്നെ; രണ്ടാം സ്ഥാനം തൃണമൂൽ കോൺഗ്രസിന്, സി.പി.എമ്മിന് കുറഞ്ഞു, സി.പി.ഐക്ക് കൂടി
text_fieldsരാജ്യത്ത് ദേശീയ പാർട്ടികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വരുമാനം ബി.ജെ.പിക്ക് തന്നെ. എന്നാൽ, 2021-22 വർഷത്തിൽ വരുമാനത്തിൽ വൻ കുതിച്ചു ചാട്ടം നടത്തിയത് തൃണമൂൽ കോൺഗ്രസാണ്. 2020-21 ലെ 74.4 കോടി രൂപയിൽ നിന്ന് കഴിഞ്ഞ വർഷം പാർട്ടിയുടെ വരുമാനം 545.7 കോടി രൂപയായി വർധിച്ചു. വരുമാനത്തിൽ 633 ശതമാനത്തിെൻറ വർധനയാണുള്ളത്. ഇതോടെ വരുമാനത്തിൽ ബിജെപിക്ക് തൊട്ട് പിന്നിലായി തൃണമൂൽ കോൺഗ്രസാണുള്ളത്.
1917 കോടി രൂപയാണ് ബിജെപിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം. 2020-21ൽ 752 കോടിയിൽ നിന്നും 154 ശതമാനവർധനവാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിെൻറ വരുമാനത്തിൽ വർധനവുണ്ടായെങ്കിലും ദേശീയ പാർട്ടികളിൽ മൂന്നാം സ്ഥാനത്താണ്. 2020-21 ലെ 285.7 കോടി രൂപയിൽ നിന്നും വരുമാനം 541.2 കോടിയായി ഉയർന്നു. കേരളത്തിലെ ഭരണ കക്ഷിയായ സിപിഎമ്മിൻ്റെ വരുമാനം പോയ വർഷം കുറഞ്ഞു. 2020-21 ലെ 171 കോടിയിൽ നിന്നും വരുമാനം 162.2 കോടിയായിരിക്കുകയാണ്. ഇസിപിഐയുടെ വരുമാനം ഏറി. 2.1 കോടിയിൽ നിന്ന് 2.8 കോടിയായി.
2021-22ൽ ഏറ്റവും കൂടുതൽ പണം ചെലവാക്കിയതും ബിജെപിയാണ്. 854.46 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് 400 കോടി രൂപയും പോയ വർഷം ചെലവഴിച്ചു. തൃണമൂൽ കോൺഗ്രസ് ചെലവ് 268.3 കോടിയും സിപിഎം 83.41 കോടിയും സിപിഐ 1.2 കോടിയും 2021-22 വർഷത്തിൽ ചെലവാക്കി. പോയ വർഷം തെരഞ്ഞെടുപ്പുകൾക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കിയത് ബിജെപിയാണ്. 2021-22 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവ് 645.8 കോടി രൂപയാണ്. കോൺഗ്രസ് 279.7 കോടിയും തൃണമൂൽ കോൺഗ്രസ് 135 കോടിയും സിപിഎം 13 കോടിയും തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി വിനിയോഗിച്ചു.
പ്രാദേശിക പാർട്ടികളുടെ പട്ടികയിൽ 2021-22ൽ എറ്റും ഉയർന്ന വരുമാനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കാണ്. 318.7 കോടി രൂപ. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിക്ക് 307.2 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്. ടിആർഎസിന് 279.4 കോടിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് 93.7 കോടിയും കഴിഞ്ഞ വർഷം വരുമാനമായി ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.