‘വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ അവസരങ്ങളുടെ ഭൂമികയാക്കി’; മണിപ്പൂരിനെ കുറിച്ച് മിണ്ടാതെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ കലാപമുണ്ടായപ്പോൾ അവിടം സന്ദർശിക്കുന്നത് പോയിട്ട് അതിനെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടാൻ മടിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂർ കലാപത്തിൽ പ്രതികരിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മോദി മൗനം വെടിഞ്ഞില്ല.
ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നേട്ടങ്ങൾ മുതലെടുത്ത്രം ഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ അവസരങ്ങളുടെ ഭൂമികയാക്കി മാറ്റിയെന്നാണ് തെരഞ്ഞെടുപ്പ് റാലിക്കിടെ മോദിയുടെ അവകാശവാദം. എന്നാൽ ഇത്തവണയും മണിപ്പൂരിനെ കുറിച്ച് മോദി മിണ്ടിയില്ല.
ദശകത്തിലേറെ കാലം കോൺഗ്രസ് ഭരിച്ചിട്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് കോൺഗ്രസ് വിവേചനം കാണിച്ചപ്പോൾ ആ സംസ്ഥാനങ്ങൾ ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളായി തങ്ങൾ കരുതിയെന്നും ആ സംസ്ഥാനങ്ങളുടെ സുസ്ഥിരതക്കും വികസനത്തിനുമായി പ്രയത്നിച്ചെന്നും അസമിലെ നൽബാരിയിൽ നടന്ന റാലിക്കിടെ മോദി പറഞ്ഞു.
ഇതിന് ജനം പ്രതിഫലം നൽകുമെന്നും ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ 400 ലേറെ സീറ്റുകളുമായി എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തുമെന്നും മോദി അവകാശപ്പെട്ടു.
2014ൽ പ്രതീക്ഷയോടെയാണ് ഞാൻ അസമിലേക്ക് പോയത്. 2019ൽ വിശ്വാസത്തോടെയും. എന്നാൽ ഇത്തവണ വലിയ ഉറപ്പുമായാണ് നിങ്ങൾക്കരികിലെത്തുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരൻമാർക്കും അവർ അർഹിക്കുന്ന കാര്യങ്ങൾ ഉറപ്പാക്കാൻ എൻ.ഡി.എ പ്രതിജ്ഞാബദ്ധമാണ്. അടുത്ത മൂന്നുവർഷം കൊണ്ട് പാവപ്പെട്ടവർക്കായി മൂന്നു കോടി വീടുകൾ പണിയാനാണ് പദ്ധതി. അർഹരായവർക്ക് അടുത്ത അഞ്ചുവർഷത്തേക്ക് സൗജന്യ റേഷൻ അനുവദിക്കും. 70 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ നൽകുമെന്നും മോദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.