തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു -രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്
text_fieldsജെയ്പൂർ: തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എന്നാൽ 'അനീതിപരമായ' നടപടികളൊന്നും വിലപ്പോവില്ലെന്നും രാഷ്ട്രീയ മൈലേജ് എടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
'അധികാരത്തോടുള്ള അത്യാഗ്രഹത്താൽ അന്ധരായ സംസ്ഥാന ബി.ജെ.പി നേതാക്കൾ സർക്കാരിനെ അട്ടിമറിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. കോവിഡ് രോഗഭീതി പരത്തി നെഗറ്റീവ് രാഷ്ട്രീയം പ്രചരിപ്പിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. കേന്ദ്ര സര്‍ക്കാരിന്‍റെ ബലത്തില്‍ ബി.ജെ.പി നേതാക്കള്‍ ചെയ്തു കൂട്ടുന്നത് അവരുടെ ജനാധിപത്യവിരുദ്ധതയ്ക്ക് തെളിവാണ്. അവരുടെ നിഷേധാത്മക രാഷ്ട്രീയം പ്രതിപക്ഷത്തിനെതിരെ പൊതുജനങ്ങളിൽ നീരസം സൃഷ്ടിച്ചിട്ടുണ്ട്.' -ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനിലെ ബി.ജെ.പിയുടെ പല മുതിർന്ന നേതാക്കളും വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാർ വീഴുമെന്ന് പ്രസ്താവനകൾ ഇറക്കുന്നുണ്ട്. പണത്തിന്‍റെയും അധികാരത്തിന്‍റെയും പിൻബലത്തിൽ രാജസ്ഥാൻ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ഈ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്.
എന്നാൽ കർണാടക, മധ്യപ്രദേശ്, ഗോവ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ കുതിരക്കച്ചവടത്തിലൂടെ സർക്കാർ രൂപവത്കരിച്ച ബി.ജെ.പി ഇപ്പോഴും രാജസ്ഥാനിലെ പരാജയത്തിൽ നിരാശരാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.