നേതാക്കളെ ഒന്നൊന്നായി ജയിലിലടച്ച് എ.എ.പിയെ ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ ശ്രമം -കെജ്രിവാൾ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. എ.എ.പി നേതാക്കളെ വ്യാപകമായി ജയിലിലടക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം എ.എ.പിയുടെ അക്കൗണ്ട് ബി.ജെ.പി മരവിപ്പിക്കും. എ.എ.പിയുടെ രാജ്യസഭ എം.പി സ്വാതി മലിവാളിന്റെ പരാതിയിൽ
പേഴ്സനൽ അസിസ്റ്റന്റ് വൈഭവ് കുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തേക്ക് എ.എ.പി നടത്തിയ പ്രതിഷേധസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ.
എ.എ.പി നേതാക്കൾ അഗ്നിപരീക്ഷയിലൂടെയാണ് കടന്നുപോകുന്നത്. എ.എ.പിയുടെ വളർച്ചയിൽ മോദിക്ക് ആശങ്കയുണ്ട്. അതിന്റെ ഭാഗമായാണ് തന്നെയും മനീഷ് സിസോദിയെയും ജയിലിൽ അടച്ചത്. ഡൽഹിയിലും ഹരിയാനയിലും നല്ല ഭരണം നടത്താൻ എ.എ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബി.ജെ.പിക്ക് അതിനു കഴിയില്ല. വരുംകാല രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ എതിരാളിയായി എ.എ.പി മാറുമെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ട്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ദരിദ്രർക്ക് രാജ്യം മുഴുവൻ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ആയിരം രൂപ വീതം വനിതകൾക്ക് അവരുടെ അക്കൗണ്ടുകളിൽ എത്തിച്ചു നൽകുമെന്നും കെജ്‍രിവാൾ പറഞ്ഞു.
അതിനിടെ അറസ്റ്റിനെതിരെ ബി.ജെ.പിയുടെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ച എ.എ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുമതിയില്ലാതെ മാർച്ച് നടത്തിയെന്നാരോപിച്ചാണിത്. എ.എ.പി മാർച്ചിന് മുന്നോടിയായി ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കനത്ത സുരക്ഷയാണ് ബി.ജെ.പി ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയവർ ഇപ്പോൾ കുറ്റാരോപിതന് വേണ്ടി പ്രതിഷേധം നടത്തുകയാണെന്നാണ് സ്വാതി മലിവാൾ പ്രതിഷേധ മാർച്ചിൽ പ്രതികരിച്ചത്. ശനിയാഴ്ചയാണ് ബൈഭവ് കുമാറിനെ കെജ്രിവാളിന്റെ വസതിയിലെത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ബൈഭവിനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.