കർണാടകയിൽ ബി.ജെ.പി ശ്രമിക്കുന്നത് രാഷ്ട്രപതി ഭരണത്തിന് -ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: കർണാടകയിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുക്കുകയാണ് ബി.ജെ.പിയെന്ന് ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ. ഹുബ്ബള്ളിയിലെ നഗരസഭ കൗൺസിലറുടെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടകയിൽ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു.
തുടർന്നാണ് സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ബി.ജെ.പി ആരോപിച്ചത്. ബി.ജെ.പി ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. കർണാടകയിലെ ക്രമസമാധാനം മികച്ചതാണ്. ഇവിടെ രാഷ്ട്രപതി ഭരണത്തിന് ശ്രമിക്കുകയാണെന്നാണ് അവർ വോട്ടർമാരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനാണ് പ്രതിപക്ഷ നേതാവ് ആർ. അശോക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതൊരിക്കലും നടക്കില്ല.-ശിവകുമാർ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് ഹുബ്ബള്ളി ബി.വി.ബി കോളജ് എം.സി.എ വിദ്യാർഥിനിയും കൗൺസിലർ നിരഞ്ജൻ ഹിരേമതിന്റെ മകളുമായ നേഹ ഹിരേമത്(23) കൊല്ലപ്പെട്ടത്. അതേ കോളജിലെ ബി.സി.എ വിദ്യാർഥിയും ബെളഗാവി ജില്ലയിലെ സാവദത്തി സ്വദേശിയുമായ ഫൈസൽ കൊണ്ടികൊപ്പയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി പ്രണയം നിരസിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.