സനാതനധർമ പരാമർശം; തന്‍റെ വാക്കുകൾ ബി.ജെ.പി വളച്ചൊടിച്ചെന്ന് ഉദയനിധി സ്റ്റാലിൻ
text_fieldsചെന്നൈ: സനാതനധർമ പരാമർശത്തിൽ തന്‍റെ വാക്കുകൾ ബി.ജെ.പി വളച്ചൊടിച്ചെന്ന് ഡി.എം.കെ. നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്നാരോപിച്ചതായും അദ്ദേഹം പറഞ്ഞു.
"പ്രധാനമന്ത്രി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എന്നെക്കുറിച്ചും എന്‍റെ പ്രസംഗത്തെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഞാൻ സനാതന ധർമം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാൻ ആഹ്വാനം ചെയ്തുവെന്നാണ്. ഞാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞതായി അദ്ദേഹം ആരോപിച്ചു. ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മൂന്ന് മിനിട്ട് മാത്രമാണ് ഞാൻ സംസാരിച്ചത്. എല്ലാവരോടും തുല്യമായി പെരുമാറണമെന്നും വിവേചനം കാണിക്കരുതെന്നും വിവേചനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാക്കണമെന്നും മാത്രമാണ് പറഞ്ഞത്. പക്ഷേ ബി.ജെ.പി എന്റെ അഭിപ്രായം വളച്ചൊടിക്കുകയും മറ്റൊന്നാക്കി രാജ്യം മുഴുവൻ എന്നെക്കുറിച്ച് സംസാരിക്കുകയും ചെയ്തു"- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ചിലർ തന്‍റെ തലക്ക് 5-10 കോടി വരെ വില പറഞ്ഞുവെന്നും വിഷയം കോടതിയുടെ പരിഗണനയിലാണ്. തനിക്ക് നിയമത്തിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിനും കലൈഞ്ജറും പിൻതുടർന്ന ആശയമാണ് താനും പിൻതുടരുന്നത് അതിനാൽ പരാമർശത്തിൽ മാപ്പ് പറയാൻ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സനാതനധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിർത്താൽ മാത്രം പോര ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവന വിവാദമായപ്പോൾ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും ഇതിന്റെ പേരിൽ നിയമനടപടി നേരിടാനും മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.