കോൺഗ്രസ് നേതൃചർച്ച പുറത്ത്; ആയുധമാക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി വാർത്തയാക്കാൻ ഉദ്ദേശിക്കാത്ത ചർച്ചാവിവരം പുറത്ത്. അത് ആയുധമാക്കി ബി.ജെ.പി പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും ജമ്മു-കശ്മീർ മുൻ മന്ത്രിയുമായ താരിഖ് ഹമീദ് ഖര നടത്തിയ ചില പരാമർശങ്ങളാണ് ബി.ജെ.പി ഏറ്റെടുത്ത ചർച്ചയായി മാറിയത്. ജമ്മു-കശ്മീർ ഇന്ത്യയുടെ ഭാഗമാകുന്ന കാര്യത്തിൽ ജവഹർലാൽ നെഹ്റുവിെൻറ വീക്ഷണമായിരുന്നില്ല സർദാർ വല്ലഭ ഭായ് പട്ടേലിേൻറതെന്നാണ് താരിഖ് ഹമീദ് പ്രവർത്തക സമിതിയിൽ പറഞ്ഞത്. ജമ്മു-കശ്മീരിനെ ഇന്ത്യയോട് ചേർത്തതിെൻറ ക്രെഡിറ്റ് മുഹമ്മദലി ജിന്നയോട് യോജിച്ചുനിന്ന സർദാർ പട്ടേലിനല്ല, നെഹ്റുവിന് അർഹതപ്പെട്ടതാണെന്ന് അദ്ദേഹം പ്രസംഗിച്ചതായാണ് പുറത്തുവന്ന വിവരം.
ഇതാരാണ് പുറത്തുവിട്ടതെന്ന ചർച്ച കോൺഗ്രസിൽ സജീവം. അതിനിടെ വിഷയം ബി.ജെ.പി ഏറ്റെടുത്തു. സർദാർ പട്ടേലിനെ വില്ലനായി ചിത്രീകരിക്കുന്നവിധം പ്രവർത്തക സമിതിയിൽ ചർച്ച നടന്നുവെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി. എന്നിട്ട് സോണിയ ഗാന്ധി അരുതെന്നു പറയുകയോ ശാസിക്കുകയോ ചെയ്തില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഇന്ത്യക്കുംവേണ്ടി ഒരു കുടുംബം മാത്രമാണ് എല്ലാം ചെയ്തത്, മറ്റാരും ഒന്നും ചെയ്തില്ലെന്ന രീതിയിലുള്ള വ്യാഖ്യാനം വല്ലാത്തൊരു മനോഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർദാർ പട്ടേലിനെ വില്ലനാക്കുന്നവിധം ചർച്ച നടന്നിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടിയുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പ്രവർത്തക സമിതിയിൽ പറഞ്ഞതിനെക്കുറിച്ച് വളച്ചൊടിച്ച പ്രചാരണമാണ് നടക്കുന്നതെന്ന് താരിഖ് ഹമീദ് ഖരയും പറഞ്ഞു. പക്ഷേ, വിഷയം എങ്ങനെ പുറത്തേക്കു പോയി എന്നതിനെക്കുറിച്ചാണ് കോൺഗ്രസിൽ ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.