മന്ത്രി പൊട്ടിക്കുന്ന പടക്കങ്ങൾ മലിനീകരണമുണ്ടാക്കില്ലേ? എ.എ.പിക്കെതിരെ ബി.ജെ.പി
text_fieldsന്യൂഡൽഹി: പടക്ക വിൽപന നിരോധനം തുടരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ആംആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്ത്. പുതുതായി ചുമതലയേറ്റഡൽഹി മന്ത്രി രാജ് കുമാർ ആനന്ദിന്റെ വസതിയിൽ അനുയായികൾ അദ്ദേഹത്തിന് മന്ത്രിപദം ലഭിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ബി.ജെ.പി ആപ്പിനെ വിമർശിച്ചത്.
ഈ പടക്കങ്ങൾ മലിനീകരണമുണ്ടാക്കുന്നില്ലേയെന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി ഡൽഹി വക്താവ് ഹരീഷ് ഖുറാന ട്വീറ്റ് ചെയ്തത്. ഇത്തരം നിയമങ്ങളെല്ലാം ഹിന്ദു ആഘോഷങ്ങൾക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
'ഞങ്ങൾ ഹിന്ദുക്കൾ ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ, അത് മലിനീകരണത്തിന് കാരണമാകും, മന്ത്രിയായതിന്റെ ആഘോഷത്തിന് നിങ്ങളുടെ അനുയായികൾ പടക്കം പൊട്ടിച്ചാൽ കുഴപ്പമില്ല' എന്നായിരുന്നു അരവിന്ദ് കെജ്രിവാളിനെ പരാമർശിച്ചുകൊണ്ടുള്ള ട്വീറ്റ്. മന്ത്രി കത്തിക്കുന്ന പടക്കങ്ങൾ സ്പെഷ്യൽ ആയിരിക്കും, മലിനീകരണം ഉണ്ടാകില്ലേ? എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വീടിന്റെ കോമ്പൗണ്ടിനുള്ളിൽ ഡ്രമ്മടിച്ചുള്ള ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരാൾ പടക്കം പൊട്ടിക്കുന്നതാണ് വിഡിയോയിൽ. ഡൽഹി സർക്കാരിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ബി.ജെ.പി നേതാക്കൾ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു ബി.ജെ.പി വക്താവ് തജീന്ദർ പാൽ സിങ് ബഗ്ഗ എ.എ.പിയെ 'ഹിന്ദു വിരുദ്ധം' എന്ന് വിശേഷിപ്പിച്ചു. വിവാദത്തിൽ എ.എ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
2023 ജനുവരി ഒന്ന് വരെ രാജ്യതലസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളും നിരോധിച്ചതിനെതിരായ ഹരജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച വിസമ്മതിച്ചിരുന്നു. നിരോധനം ഒരു സമുദായത്തിനും എതിരല്ലെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.