നീറ്റ്-ജെ.ഇ.ഇ പരീക്ഷ; കേന്ദ്രവുമായി കൊമ്പുകോർത്ത് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി
text_fieldsനീറ്റ്-ജെ.ഇ.ഇ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി കേന്ദ്ര സർക്കാറുമായി നേർക്കുനേർ ഏറ്റുമുട്ടലിൽ. പരീക്ഷയുമായി ബന്ധപ്പെട്ട് സുബ്രമണ്യൻ സ്വാമി ഉയർത്തിയ ആരോപണത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. വ്യാഴാഴ്ച ഇതിന് മറുപടിയുമായി സുബ്രമണ്യം സ്വാമി രംഗത്തെത്തിയതോടെ തമ്മിലടി രൂക്ഷമായിരിക്കുകയാണ്.
നീറ്റ്-ജെ.ഇ.ഇ പരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എം.പിയായ സുബ്രമണ്യൻ സ്വാമി നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രം ചെയ്തത്. സെപ്റ്റംബർ ഒന്നു മുതൽ ആറ് വരെ ജെ.ഇ.ഇ പരീക്ഷ നടത്തുകയും ചെയ്തു.
18 ലക്ഷം വിദ്യാർഥികൾ ജെ.ഇ.ഇ പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തുവെന്നും എന്നാൽ എട്ട് ലക്ഷം പേർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടുള്ളൂവെന്നും സുബ്രമണ്യൻ സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ കണക്കുകൾ രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇതിന് മറുപടിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ രംഗത്തെത്തി. 8.58 ലക്ഷം പേർ മാത്രമാണ് ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിച്ചതെന്നും താങ്കൾ പറഞ്ഞ 18 ലക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
ഇതിന് മറുപടിയായി കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുമായാണ് സുബ്രമണ്യൻ സ്വാമി രംഗത്തെത്തിയത്. 660 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതാൻ 9,53,473 വിദ്യാർഥികൾ അപേക്ഷിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ കണക്ക് പ്രകാരം ഇത് 8.58 ലക്ഷം മാത്രമാണ്. ആരുടെ കണക്കാണ് ഔദ്യോഗികമെന്നും സ്വാമി ട്വീറ്റിൽ പരിഹസിച്ചു. ഇതോടെ, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കുള്ളിലെ തമ്മിലടി രൂക്ഷമായി.
13ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. നേരത്തെയും നിരവധി വിഷയങ്ങളിൽ ബി.ജെ.പി നിലപാടിൽ നിന്ന് വ്യത്യസ്ത നിലപാടുമായി സുബ്രമണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി ഐ.ടി സെല്ലിനെതിരെയും സുബ്രമണ്യൻ സ്വാമി രൂക്ഷമായ വിമർശനമുയർത്തിയിരുന്നു. ബി.ജെ.പി. ഐ.ടി സെല്ലില്‍ ഇപ്പോള്‍ തെമ്മാടിത്തരമാണ് നടക്കുന്നതെന്ന പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഐ.ടി. സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐ.ഡിയില്‍നിന്ന് ട്വീറ്റുകള്‍ ചെയ്ത് എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഐ.ടി സെല്‍ ചെയ്യുന്ന തെമ്മാടിത്തരം പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതുപോലെ എന്‍റെ അനുയായികള്‍ പ്രകോപിതരായാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എനിക്കും കഴിയില്ല -അദ്ദേഹം ട്വീറ്റ് ചെയ്തു.
ഐ.ടി സെൽ മേധാവി അമിത് മാളവ്യയുമായും സ്വാമി കൊമ്പുകോർത്തിരിക്കുകയാണ്. അമിത് മാളവ്യയെ ഐ.ടി സെൽ തലവൻ സ്ഥാനത്തു നിന്ന് വ്യാഴാഴ്ചക്കകം മാറ്റണമെന്നും അല്ലെങ്കിൽ തന്‍റേതായ നിലയിൽ പ്രതിരോധ മാർഗം തേടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. സ്വാമിക്ക് മറുപടിയായുള്ള രമേശ് പൊഖ്രിയാലിന്‍റെ ട്വീറ്റ് അമിത് മാളവ്യ പങ്കുവെച്ചത് ഇരുവരും തമ്മിലുള്ള സ്പർധ വർധിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.