അംബേദ്കർ വിവാദം: ഛണ്ഡിഗഢ് മുൻസിപ്പാലിറ്റിയിൽ തമ്മിൽ തല്ലി കോൺഗ്രസും ബി.ജെ.പിയും -Video
text_fieldsഛണ്ഡിഗഢ്: അംബേദ്കർ വിവാദത്തിൽ ഛണ്ഡിഗഢ് മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ തമ്മിൽ തല്ലി കോൺഗ്രസും ബി.ജെ.പിയും. ഇന്ന് നടന്ന യോഗത്തിനിടെയാണ് ഇരു പാർട്ടികളുടേയും നേതാക്കൾ തമ്മിൽ സംഘർഷമുണ്ടായത്. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തെ ബി.ജെ.പി കായികമായി നേരിട്ടതോടെയാണ് സംഘർഷമുണ്ടായത്.
രാജ്യസഭയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചക്കിടെയാണ് അമിത് ഷാ അംബേദ്കർ വിരുദ്ധ പ്രതികരണം നടത്തിയത്. ഇതിനെതിരെയായിരുന്നു കോൺഗ്രസിന്റേയും എ.എ.പിയുടേയും പ്രമേയം. ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
രാജ്യസഭയിലെ പരാമർശത്തിന് പിന്നാലെ അമിത് ഷാക്കെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. പാർലമെന്റിൽ വലിയ പ്രതിഷേധമാണ് പരാമർശത്തിൽ കോൺഗ്രസ് ഉയർത്തിയത്.
പ്രതിഷേധത്തിനിടെ രണ്ട് ബി.ജെ.പി എം.പിമാർക്ക് പരിക്കേറ്റുവെന്നും ആരോപണം ഉയർന്നിരുന്നു. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോഴും പ്രതിഷേധം തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.