ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തുവിട്ടാൽ മതിയെന്ന എസ്.ബി.ഐ നിലപാട് ബി.ജെ.പിയുടെ താൽപര്യമെന്ന് ഖാർഗെ
text_fieldsന്യൂഡൽഹി: ബി.ജെ.പി കോടികൾ വാരിയ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പൊതുതെരഞ്ഞെടുപ്പ് കഴിയുംവരെ സമയം ചോദിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തുവിട്ടാൽ മതിയെന്ന എസ്.ബി.ഐയുടെ നിലപാട് ബി.ജെ.പിയുടെ താൽപര്യമാണെന്ന് ഖാർഗെ പറഞ്ഞു. മോദി സർക്കാർ തങ്ങളുടെ നിഗൂഢമായ ഇടപാടുകൾ മറയ്ക്കാൻ എസ്.ബി.ഐയെ ഉപയോഗിക്കുകയാണെന്നും ഖാർഗെ വിമർശിച്ചു.
ഇലക്ടറൽ ബോണ്ടുകൾ വഴി പണം നൽകിയവരുടെ വിവരങ്ങൾ ക്രോഡീകരിക്കാൻ വെറും 24 മണിക്കൂർ മതിയെന്നാണ് വിദഗ്ധർ പറയുന്നത്. പിന്നെ എന്തിനാണ് എസ്.ബി.ഐ നാല് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്? ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിവരങ്ങൾ പുറത്തുവരരുതെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നു -ഖാർഗെ പറഞ്ഞു.
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടാതെയുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒത്തുകളിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്. എസ്.ബി.ഐ ‘മൊദാനി’ കുടുംബത്തിന്റെ ഭാഗമായെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. എസ്.ബി.ഐക്കെതിരെ രാജ്യവ്യാപക പ്രതിഷേധവും കോൺഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പിയെ സഹായിക്കുന്ന എസ്.ബി.ഐക്കെതിരെ സി.പി.എമ്മും രംഗത്തുവന്നു. എസ്.ബി.ഐയുടെ മുംബൈ ശാഖയിലുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം ചോദിച്ചത് പരിഹാസ്യമാണെന്ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് വിമർശിച്ചു. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യയാക്കിയ മോദിയെ ഇതിലൂടെ അവഹേളിച്ച എസ്.ബി.ഐ ചെയർമാനെയും ഡയറക്ടർമാരെയും ശിക്ഷിക്കണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചു.
തെരഞ്ഞെടുപ്പ് ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ മുഴുവൻ വിവരങ്ങളും മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ പദ്ധതി റദ്ദാക്കിയുള്ള വിധിയിൽ കോടതി എസ്.ബി.ഐയോട് നിർദേശിച്ചിരുന്നു. മാർച്ച് 13 ഓടെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഫെബ്രുവരി 15നാണ് ഉത്തരവിട്ടത്. എന്നാൽ, അതിനാവില്ലെന്നും ജൂൺ 30 വരെ സമയം വേണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് എസ്.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.
2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകൾ വിതരണം ചെയ്തുവെന്നും ഇവയുടെ വിവരങ്ങൾ മുദ്രവെച്ച കവറുകളിൽ മുംബൈയിലെ പ്രധാന ശാഖയിലാണെന്നും ബാങ്ക് ബോധിപ്പിച്ചിട്ടുണ്ട്. ഇവ ഡീകോഡ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയപരിധി അപര്യാപ്തമാണെന്നാണ് എസ്.ബി.ഐയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.