സംവരണം നിർത്താൻ ബി.ജെ.പിക്ക് ആഗ്രഹം -കെജ്രിവാൾ
text_fieldsലഖ്നോ: സംവരണം അവസാനിപ്പിക്കാനാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകൾ നേടാൻ ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പി അധികാരത്തിൽ തുടർന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷായെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്നും യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുമെന്നും കെജ്രിവാൾ ആവർത്തിച്ചു.
ബി.ജെ.പി ഇനിയും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുകയും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. 75 വയസ്സിനു മുകളിലുള്ള ആരും സർക്കാറിലും സംഘടനയിലും പദവി വഹിക്കരുതെന്നും വിരമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചട്ടം കെട്ടിയിരുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും വിരമിച്ചത് ഈ ചട്ടപ്രകാരമാണ്. മോദിക്ക് അടുത്ത വർഷം 75 വയസ്സ് തികയുമെന്നും അമിത് ഷായെ പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. വീണ്ടും അധികാരത്തിൽ വന്നാൽ ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുമെന്ന് കെജ്രിവാൾ അഭിപ്രായപ്പെട്ടു. അമിത് ഷായുടെ വഴിയിലെ മുള്ളാണ് ആദിത്യനാഥ്.
സർക്കാർ രൂപവത്കരിച്ചാൽ രണ്ട് മാസത്തിനുള്ളിൽ യോഗി ആദിത്യനാഥിനെ പുറത്താക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി ആരോപിച്ചു. ബി.ജെ.പിക്ക് 220ൽ താഴെ സീറ്റുകൾ മാത്രമാണ് ഇത്തവണ ലഭിക്കുകയെന്ന് കെജ്രിവാൾ പറഞ്ഞു. ഹരിയാന, ഡൽഹി, കർണാടക, യു.പി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ സീറ്റുകൾ കുറയും. പഞ്ചാബിൽ അവർ ഒരു സീറ്റ് പോലും നേടുകയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.