‘ശ്രീരാമനെയും ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിക്കും’; പരിഹാസവുമായി സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: ബി.ജെ.പിയുടെ അടുത്ത നീക്കം ഭഗവാൻ ശ്രീരാമനെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കലാകുമെന്ന പരിഹാസവുമായി ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത്. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയുടെയും അതിന് മുന്നോടിയായി മോദിയുടെ റോഡ് ഷോയുടെയും മറ്റും പശ്ചാത്തലത്തിലാണ് പ്രതികരണം.
‘ഇനി, തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർഥി ശ്രീരാമനായിരിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിക്കുന്നത് മാത്രമാണ് അവശേഷിക്കുന്നത്. രാമന്റെ പേരിൽ അത്രയധികം രാഷ്ട്രീയമാണ് അരങ്ങേറുന്നത്’ -സഞ്ജയ് റാവുത്ത് പറഞ്ഞു.
ബാബരി മസ്ജിദ് തകർത്തതിന്റെ ഉത്തരവാദിത്തം ശിവസേനക്കാണെന്നും ബി.ജെ.പിക്കല്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അന്ന് പൊലീസ് വെടിവെപ്പിൽ മരിച്ച തങ്ങളുടെ പ്രവർത്തകരുടെ പേരും അദ്ദേഹം ഓർമിപ്പിച്ചു. ബി.ജെ.പിയെ സംബന്ധിച്ച് ചരിത്രം ആരംഭിക്കുന്നത് 2014ലാണെന്നും പ്രധാന ചരിത്ര സംഭവങ്ങളിലൊന്നും അവർക്ക് പങ്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെയെ ക്ഷണിച്ചില്ലെങ്കിലും രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്ന് റാവുത്ത് ഊന്നിപ്പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തിൽ ശിവസേനയുടെ പങ്കും അയോധ്യയിലെ നേതാക്കളുടെ സാന്നിധ്യവും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.