ബി.ജെ.പി വെള്ളം കുടിക്കും; ഭരിക്കാൻ വേണ്ടത് 122 സീറ്റ്, നിതീഷിന് 161 പേരുടെ പിന്തുണ
text_fieldsപട്ന: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാറിന് കനത്ത പ്രഹരം നൽകി ജെ.ഡി.യു സഖ്യം വിടാനുള്ള നിതീഷ് കുമാറിന്‍റെ തീരുമാനം വ്യക്തമായ രാഷ്ട്രീയ നീക്കത്തിന്‍റെ പിൻബലത്തിൽ. ജെ.ഡി.യുവിനെ പിളർത്തി ബിഹാറിൽ തനിച്ച് ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ 161 അംഗങ്ങളുടെ വ്യക്തമായ പിന്തുണ ഉറപ്പാക്കി തൂത്തെറിഞ്ഞത്.
243 അംഗ ബിഹാർ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. ജെ.ഡി.യു ഉൾപ്പെടെയുള്ള എൻ.ഡി.എ സഖ്യത്തിന് 127ഉം ആർ.ജെ.ഡി വലിയ കക്ഷിയായ പ്രതിപക്ഷത്തിന് 116ഉം അംഗങ്ങളുമാണുള്ളത്. ഇതിൽ പ്രതിപക്ഷത്തിന്‍റെ 116 അംഗങ്ങളും ജെ.ഡി.യുവിന്‍റെ 45 അംഗങ്ങളും കൂടിച്ചേർന്നാൽ 161 പേരുടെ പിന്തുണ മഹാസഖ്യത്തിന് ലഭിക്കും.
നിലവിലെ ഭരണകക്ഷി
എൻ.ഡി.എ-ജെ.ഡി.യു സഖ്യത്തിൽ ബി.ജെ.പി-77, ജെ.ഡി.യു-45. എച്ച്.എ.എം-4, മറ്റുള്ളവർ-1 എന്നിങ്ങനെയാണ്. ആകെ 127.
നിലവിലെ പ്രതിപക്ഷം
ആർ.ജെ.ഡി-79, കോൺഗ്രസ്-19, സി.പി.ഐ (എം.എൽ)-12, സി.പി.ഐ-2, സി.പി.എം-2, എ.ഐ.എം.ഐ.എം-1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ അംഗസംഖ്യ. ആകെ 116.
പുതിയ സഖ്യസാധ്യത
ജെ.ഡി.യുവിന്‍റെ 45 പേർ മഹാസഖ്യത്തിന്‍റെ ഭാഗമാകുന്നതോടെ അംഗസംഖ്യ 161 ആകും.
രണ്ട് വർഷമായി തുടരുന്ന ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിനാണ് നിതീഷ് കുമാറിന്‍റെ രാജിയോടെ അന്ത്യം കുറിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ ബി.ജെ.പിക്ക് നിതീഷിന്‍റെ വലിയ പ്രഹരമാണ് നൽകിയത്. ജെ.ഡി.യു പിളർത്തി ബിഹാറിൽ തനിച്ച് ഭരണം പിടിക്കാനുള്ള നീക്കമാണ് ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ കുറച്ചു കാലമായി നടത്തിവന്നിരുന്നു. ഈ നീക്കം മുൻകൂട്ടി കണ്ട നിതീഷ്, എൻ.ഡി.എ സഖ്യം വിട്ട് പുതിയ സഖ്യം രൂപീകരിക്കാനുള്ള നീക്കം വേഗത്തിലാക്കുകയായിരുന്നു.
ജെ.ഡി.യു വീണ്ടും രാജ്യസഭ സീറ്റ് നൽകാതിരുന്ന മുൻ കേന്ദ്രമന്ത്രി ആർ.പി.സി സിങ് പാർട്ടി വിട്ടതോടെയാണ് ബി.ജെ.പി-ജെ.ഡി.യു ബന്ധം കൂടുതൽ മോശമായത്. ജെ.ഡി.യുവിനെ പിളർത്തുകയും ബി.ജെ.പിയെ വളർത്താനുമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് നിതീഷും ജെ.ഡി.യുവും ഉയർത്തിയിരുന്നത്.
രാഷ്ട്രീയ നീക്കങ്ങൾക്ക് ശേഷം പുതിയ സർക്കാർ രൂപീകരിക്കാനുള്ള എല്ലാ പിന്തുണയും ഉറപ്പാക്കിയ ശേഷമാണ് ജെ.ഡി.യുവിനെ പിളർത്താനുള്ള നീക്കം ബി.ജെ.പി നേതൃത്വം നടത്തുന്നതെന്ന ആരോപണം പാർട്ടിയിലും ജനങ്ങൾക്കിടയിലും നിതീഷ് ഉന്നയിച്ചത്. ഇത് പാർട്ടി എം.പിമാരുടെയും എം.എൽ.എമാരുടെയും പിന്തുണ നിതീഷിൽ വന്നു ചേർന്നു.
ഇതിന് ചുവടുപിടിച്ചാണ് ഇന്ന് നാലുമണിയോടെ ഗവർണർ ഫാഗു ചൗഹാനെ കണ്ട നിതീഷ് രാജിക്കത്ത് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.