അമിത്ഷാ അഴിമതിക്കാരെ അലക്കിവെളുപ്പിക്കുന്ന അലക്കുകല്ല്; ബി.ജെ.പി ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിക്കും, തെരഞ്ഞെടുപ്പുകൾ ഇല്ലാതാകും -മല്ലികാർജുൻ ഖാർഗെ
text_fieldsനാഗ്പൂർ: ബി.ജെ.പി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ഇന്ത്യയിൽ ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ജനാധിപത്യ സംവിധാനം അവർ ഇല്ലാതാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
''നമ്മുടെ കൂടെയുണ്ടായിരുന്ന 23 പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി അഴിമതിക്കാരാക്കി. അവരെ ഭീഷണിപ്പെടുത്തി പ്രധാനമന്ത്രി മോദി ബി.ജെ.പിയിൽ ചേർത്തു. ഒരിക്കൽ കള്ളൻമാരെന്നും അഴിമതിക്കാരെന്നും വിളിച്ചവരെ ബി.ജെ.പി അവരുടെ മടിത്തട്ടിലിരുത്തി സംരക്ഷിക്കുകയാണ്. എം.എൽ.എമാരെയും എം.പിമാരെയും നിങ്ങൾ വിലക്കെടുത്തു. എന്തിന് ഞങ്ങളുടെ മുഖ്യമന്ത്രിയെ വരെ...'-ഖാർഗെ ആഞ്ഞടിച്ചു.
കേന്ദ്രമന്ത്രി അമിത് ഷാ ഏറ്റവും വലിയ അലക്കുകല്ലാണെന്നും ഖാർഗെ പരിഹസിച്ചു. അഴിമതിക്കാരായ നേതാക്കളെ മോദി ഓരോന്നായി അദ്ദേഹത്തിന് കൊടുക്കുകയാണ്. അമിത് ഷാ അവരെ അലക്കിവെളുപ്പിക്കുന്ന പണി ഏറ്റെടുത്തു. അലക്കു കഴിഞ്ഞു ഗഡ്കരി പുറത്തെടുക്കുന്നു. ബി.ജെ.പിയുടെ അലക്കു കല്ലിൽ വെളുപ്പിക്കപ്പെട്ടാൽ നേതാക്കൾ ശുദ്ധരായി. അവർ പിന്നെ അഴിമതിക്കാരേ അല്ല.-ഖാർഗെ പറഞ്ഞു.
നിങ്ങൾ പുതിയ പാർലമെന്റുണ്ടാക്കി. എന്നാൽ അതിന്റെ ശിലാസ്ഥാപന വേളയിൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ മാറ്റിനിർത്തിയത് എന്തിനായിരുന്നു. ഉദ്ഘാടന ദിവസം ഗോത്രവർഗവിഭാഗക്കാരിയായ രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും അകറ്റിനിർത്തി. അതുപോലെ രാംമന്ദിറിന്റെ ഉദ്ഘാടനത്തിനും രാഷ്ട്രപതിയെ ക്ഷണിച്ചില്ല എന്നും ഖാർഗെ ആരോപിച്ചു.
ജനാധിപത്യം സംരക്ഷിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വളരെ ശ്രദ്ധയോടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ഏഴുഘട്ടങ്ങളായാണ് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19നാണ് ആദ്യഘട്ടം. ജൂൺ നാലിന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.