ബി.ജെ.പി ആദ്യം ചെക്ക് തരും, വഴങ്ങിയില്ലെങ്കിൽ അമിത് ഷാ വരും -ജിഗ്നേഷ് മേവാനി
text_fieldsഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കൊണ്ടുപിടിച്ച പ്രചാരണങ്ങളാണ് അവിടെ നടക്കുന്നത്. ബി.ജെ.പിയെ പിടിച്ചുകെട്ടാൻ ഇക്കുറി അരയും തലയും മുറുക്കി ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ് ആം ആദ്മി പാർട്ടി. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള വർഗീയ പ്രചാരണങ്ങളാണ് ബി.ജെ.പി നേതാക്കളും അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും നടത്തുന്നത്.
'2002ൽ അക്കൂട്ടരെ പാഠം പഠിപ്പിച്ചു' എന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ പ്രസംഗിച്ചത്. വഡ്ഗാമിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് ദലിത് നേതാവ് കൂടിയായ ജിഗ്നേഷ് മേവാനി. നിലവിൽ വഡ്ഗാമിലെ സിറ്റിങ് എം.എൽ.എ ജിഗ്നേഷ് മേവാനിതന്നെയാണ്. തെരഞ്ഞെടുപ്പ് ചൂടിനിടെ ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗുജറാത്തിലെ അടക്കം ബി.ജെ.പിയുടെ രാഷ്ട്രീയ ശത്രുക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മേവാനി സംസാരിച്ചു. ബി.ജെ.പി അതിന്റെ രാഷ്ട്രീയ എതിരാളികൾക്ക് ആദ്യം ചെക്ക് നൽകുമെന്നും അതിന് അവർ വഴങ്ങിയില്ലെങ്കിൽ അമിത് ഷാ ഭീഷണിയുമായി രംഗത്ത് എത്തുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ബി.ജെ.പിയുടെ പണക്കൊഴുപ്പിനെതിരെ കൂടിയാണ് താൻ മത്സരിക്കുന്നതെന്ന് ജിഗ്നേഷ് മേവാനി പറയുന്നു. ''കോൺഗ്രസ് നൽകിയ തെരഞ്ഞെടുപ്പു ഫണ്ട് കൊണ്ട് ബി.ജെ.പിയെപ്പോലൊരു പാർട്ടിയുടെ പണക്കൊഴുപ്പിനെ നേരിടാനാവില്ല. അതു കൊണ്ടാണ് ഞാൻ ക്രൗഡ് ഫണ്ടിങ് തുടങ്ങിയത്. 40 ലക്ഷം രൂപ അതുവഴി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറേ പേർ പണം നൽകുന്നുണ്ട്.'' -മേവാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.