ത്രിപുരയിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ
text_fieldsഅഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് അധികാര തുടർച്ചയുണ്ടാവുമെന്ന് ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ. കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് വേണ്ടി ബി.ജെ.പി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ത്രിപുര ബി.ജെ.പിക്ക് പ്രധാനപ്പെട്ടതാണ്. തുടർച്ചയായ രണ്ടാം തവണയും ത്രിപുര ഞങ്ങൾ നിലനിർത്തും. സി.പി.എമ്മിന്‍റെ 25 വർഷം നീണ്ട ദുർഭരണത്തിന് ശേഷം കഴിഞ്ഞ അഞ്ചു വർഷമായി ബി.ജെ.പി സർക്കാർ സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുകയാണ്.' -ജിഷ്ണു ദേവ് വർമ പറഞ്ഞു. ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി തങ്ങളുടെ അണികളെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 16നാണ് ത്രിപുരയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ആകെ 60 നിയമസഭാ സീറ്റുകളിൽ 55 എണ്ണത്തിൽ ബി.ജെ.പിയും അഞ്ചെണ്ണത്തിൽ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും മത്സരിക്കും. 25 വർഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയിൽ 2018 ൽ ബി.ജെ. പി അധികാരത്തിലെത്തിയത്.
2018ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 33 സീറ്റുകളും ഐ.പി.എഫ്.ടി നാലു സീറ്റുകളും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എം) 15 സീറ്റുകളുമാണ് നേടിയത്. കോൺഗ്രസാകട്ടെ ഒരു സീറ്റും നേടി. ആറ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.