എതിരില്ല; ത്രിപുര പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ജയം ഉറപ്പിച്ച് ബി.ജെ.പി
text_fieldsഅഗർതല: ത്രിപുരയിലെ ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ പത്രിക നൽകാത്തതിനാൽ 96 ശതമാനം സീറ്റുകളിലും ഭരണകക്ഷിയായ ബി.ജെ.പി ജയം ഉറപ്പിച്ചു. സെപ്റ്റംബർ 30നാണ് തെരഞ്ഞെടുപ്പ്. ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ല പരിഷത്ത് എന്നിവിടങ്ങളിലെ 3000ത്തിലേറെ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. മാർച്ചിൽ ബി.ജെ.പി സഖ്യം ത്രിപുരയിൽ അധികാരംപിടിച്ചപ്പോൾ ഇവർ രാജിവെക്കുകയായിരുന്നു.
തങ്ങളുടെ പ്രതിനിധികളെ ബി.ജെ.പിക്കാർ നിർബന്ധിച്ച് രാജിവെപ്പിച്ചതാണെന്നും പിന്നീട് നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിച്ചില്ലെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ െഎ.പി.എഫ്.ടിയും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തനിച്ചാണ് മത്സരിക്കുന്നത്. ബി.ജെ.പി പ്രവർത്തകരുടെ ഭീഷണിയും അക്രമവും ഭയന്നാണ് പത്രിക നൽകാൻ ആരും തയാറാവാതിരുന്നതെന്നും ഇവർ പറയുന്നു.
3207 ഗ്രാമപഞ്ചായത്ത് വാർഡുകൾ, 161 പഞ്ചായത്ത് സമിതികൾ, 18 ജില്ല പരിഷത്ത് സീറ്റുകൾ എന്നിവയിലേക്കാണ് മത്സരം. ഇതിൽ 3247 വാർഡുകളിൽ ബി.ജെ.പിക്ക് എതിരാളികളില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ജി.കെ. റാവു പറഞ്ഞു. 132 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും ഏഴു പഞ്ചായത്ത് സമിതികളിലേക്കും മാത്രമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പ്രതിപക്ഷത്തിെൻറയും െഎ.പി.എഫ്.ടിയുടെയും ആവശ്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ റിേട്ടണിങ് ഒാഫിസർമാർക്കോ പൊലീസിനോ ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, തെരഞ്ഞെടുപ്പ് നടപടി പ്രഹസനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിജൻ ധർ പറഞ്ഞു. ആദ്യം ഞങ്ങളുടെ പ്രതിനിധികളെ നിർബന്ധിച്ച് രാജിവെപ്പിച്ചു. പിന്നീട്, പത്രിക നൽകാനും സമ്മതിച്ചില്ല. കോടതിയിൽ പോയതുകൊണ്ട് കാര്യമില്ലെന്നും ഇനി എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷം സ്ഥാനാർഥികളെ നിർത്താത്തതിനാൽ തങ്ങളുടെ അംഗങ്ങൾ ജയിക്കുകയായിരുന്നുവെന്നും മറ്റു സംഘടനകൾക്ക് ജനകീയ അടിത്തറ നഷ്ടപ്പെട്ടതിനാലാണ് മത്സരിക്കാതിരുന്നതെന്നും ബി.ജെ.പി വക്താവ് മൃണാൾകാന്തി ദേബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.