ഝാർഖണ്ഡിൽ കരട് സ്ഥാനാർഥി പട്ടികയുമായി ബി.ജെ.പി
text_fieldsന്യൂഡല്ഹി: വർഷാവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഝാർഖണ്ഡിൽ സ്ഥാനാർഥികളുടെ കരട് പട്ടികയുമായി ബി.ജെ.പി. ഓരോ മണ്ഡലത്തിലേക്കും മൂന്ന് പേരടങ്ങുന്ന പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. സംസ്ഥാന നേതൃത്വം തിങ്കളാഴ്ച വൈകീട്ട് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയെ കണ്ടിരുന്നു.
സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡിനും ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്കുമൊപ്പമാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 81 നിയമസഭ സീറ്റുകളിൽ രണ്ടെണ്ണം ജെ.ഡി.യുവിനും ഒന്ന് എൽ.ജെ.പിക്കും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പിയുടെ പ്രാദേശിക സഖ്യകക്ഷിയായ ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയന് ഒമ്പത് സീറ്റുകൾ നൽകിയേക്കുമെന്നും വിവരമുണ്ട്.
ആദിവാസി ആധിപത്യമുള്ള 28 സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികളെ നിർത്തുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എല്ലാ സ്ഥാനാർഥികളും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരായിരിക്കും. ഈ വർഷം ആദ്യം നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് ബി.ജെ.പിയിലേക്ക് കടന്ന ജെ.എം.എമ്മിന്റെ മുതിർന്ന നേതാവ് ചമ്പായി സോറനെ മുന്നിൽ നിർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെ.എം.എം 30ഉം സഖ്യകക്ഷിയായ കോൺഗ്രസ് 16ഉം സീറ്റുകൾ നേടിയാണ് ഝാർഖണ്ഡിൽ ഭരണത്തിലെത്തിയത്. 2014ൽ 37 സീറ്റുകൾ കൈയാളിയ ബി.ജെ.പിക്ക് 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുകൾ മാത്രമാണ് നേടാനായത്. എന്നാൽ, ആകെയുള്ള 14 ആദിവാസി സീറ്റുകളിൽ 11 എണ്ണത്തിലും പ്രകടനം മെച്ചപ്പെടുത്താനായത് ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു. മഹാരാഷ്ട്ര, ജമ്മു-കശ്മീർ സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ, ഝാർഖണ്ഡിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.