സവർക്കർ രഥയാത്രയുമായി ബി.ജെ.പി; ദേശദ്രോഹികൾക്കുള്ള മുന്നറിയിപ്പെന്ന് യെദിയൂരപ്പ
text_fieldsബംഗളൂരു: കർണാടകയിൽ സവർക്കർ രഥയാത്രയുമായി ബി.ജെ.പി. മൈസൂരുവിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ ബി.എസ്. യെദിയൂരപ്പ ഉദ്ഘാടനം ചെയ്തു. 'ബോലോ ഭാരത് മാതാ കീ, വന്ദേ മാതരം' എന്ന് പറഞ്ഞായിരുന്നു ഉദ്ഘാടനം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സവർക്കറെ അസാമാന്യ വ്യക്തിയെന്ന് വിളിച്ചിട്ടുണ്ടെന്നും സവർക്കറുടെ സ്മരണക്കായി സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു. രാജ്യം വിശ്വഗുരുവായി മാറുമ്പോൾ തന്നെ രാജ്യത്തിന്‍റെ പ്രതിഛായ മോശമാക്കാൻ ശ്രമം നടക്കുകയാണ്. സവർക്കർ രഥയാത്ര ദേശദ്രോഹികൾക്കുള്ള മുന്നറിയിപ്പാണെന്നും യെദിയൂരപ്പ പറഞ്ഞു.
ബി.ജെ.പിയുടെ ദേശീയ ഉന്നതാധികാര സമിതിയായ പാർലമെന്‍റററി ബോർഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും ഉൾപ്പെടുത്തിയ ശേഷമുള്ള യെദിയൂരപ്പയുടെ ആദ്യ മൈസൂരു സന്ദർശനമായിരുന്നു ഇത്. സവർക്കറുടെ സംഭാവനകൾ പൊതുജനങ്ങളിലേക്കെത്തിക്കാനെന്ന പേരിൽ സവർക്കർ ഫൗണ്ടേഷനാണ് യാത്ര നടത്തുന്നത്. ആഗസ്റ്റ് 30 വരെ മൈസൂരു, മാണ്ഡ്യ, ചാമരാജ്നഗർ ജില്ലകളിൽ പര്യടനം നടത്തും.
അതേസമയം, സ്വാതന്ത്ര്യ ദിനത്തിൽ വിവിധയിടങ്ങളിൽ സവർക്കറുടെ ചിത്രമടങ്ങിയ ബോർഡുകൾ സ്ഥാപിച്ചത് വിവാദമാവുകയും കോൺഗ്രസ് എതിർപ്പുയർത്തുകയും ചെയ്തതതോടെ സവർക്കറെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബി.ജെ.പി. അടുത്ത വർഷം ആദ്യമാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിൽ മോചിതനായ സവർക്കറെ വീർ സവർക്കർ എന്നാണ് വിളിക്കുന്നതെന്നും സ്വാതന്ത്ര്യ സമരത്തിൽ സവർക്കർ പങ്കെടുത്തിട്ടില്ലെന്നും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ വിമർശനമുന്നിയിച്ചിരുന്നു. ഇതിന് പിന്നാലെ വിജയപുരയിലെ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ സവർക്കറുടെ ചിത്രം ബി.ജെ.പി പ്രവർത്തകർ പതിച്ചിരുന്നു. ആഗസ്റ്റ് 31ന് നടക്കുന്ന ഗണേശോത്സവത്തിൽ 15,000 ഇടങ്ങളിൽ സവർക്കറുടെയും സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകിന്‍റെയും ചിത്രങ്ങൾ സ്ഥാപിക്കുമെന്ന് ഹിന്ദുത്വസംഘടനകൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.