രണ്ടാം പട്ടികയുമായി ബി.ജെ.പി; രണ്ട് എം.എൽ.എമാർ കൂടി പാർട്ടി വിട്ടു
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ രണ്ടാം പട്ടികയും പുറത്തുവന്നതോടെ വിമത നീക്കവും ശക്തം. 189 പേരുടെ ആദ്യഘട്ട പട്ടിക ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടിരുന്നു.
പട്ടികയിൽനിന്ന് പുറത്തായ നേതാക്കളുടെ രാജി തുടരുന്നതിനിടെ ബുധനാഴ്ച രാത്രി വൈകിയാണ് 23 പേരുടെ രണ്ടാം പട്ടിക പുറത്തിറക്കിയത്. അഴിമതികേസിൽ ലോകായുക്ത അറസ്റ്റ് ചെയ്ത മദാൽ വിരുപക്ഷപ്പ അടക്കം ആറ് സിറ്റിങ് എം.എൽഎമാരെ കൂടി തഴഞ്ഞാണ് പുതിയ ലിസ്റ്റ്.
ഇതോടെ ബി.ജെ.പി സീറ്റ് നിഷേധിച്ച സിറ്റിങ് എം.എൽ.എമാരുടെ എണ്ണം 17 ആയി. സീറ്റ് നിഷേധിക്കപ്പെട്ട എം.എൽ.എമാരായ നെഹ്റു ഒലേകർ, എം.പി. കുമാരസ്വാമി, മുൻ മന്ത്രി സൊഗഡു ശിവണ്ണ എന്നിവർ ബി.ജെ.പി വിട്ടു. തുമകുരുവിൽനിന്നുള്ള ബി.ജെ.പി നേതാവായ ജി.എൻ. ബെട്ടസ്വാമി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൽകി മണ്ഡലത്തിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഈശ്വർ ഖണ്ഡ്രെക്കെതിരെ അദ്ദേഹത്തിന്റെ സഹോദരൻ പ്രകാശ് ഖണ്ഡ്രെയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ശക്തമായ മത്സരത്തിന് ഇത്തവണ ബി.ജെ.പി പദ്ധതിയിടുന്നുണ്ട്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരെ വരുണയിൽ മന്ത്രി വി. സോമണ്ണയും കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെതിരെ മന്ത്രി ആർ. അശോകയും രണ്ടാം സീറ്റുകളിൽ മത്സരിക്കും. സിറ്റിങ് മണ്ഡലങ്ങൾക്ക് പുറമെയാണ് ഇരുവരെയും പ്രത്യേക ദൗത്യത്തിന് നിയോഗിച്ചത്. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്കെത്തിയ നാഗരാജ് ചബ്ബിയെ രണ്ടാം പട്ടികയിൽ ബി.ജെ.പി ഉൾപ്പെടുത്തി.
അതേസമയം, സീറ്റ് നിഷേധിക്കപ്പെട്ട മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ പേര് രണ്ടാം ഘട്ട പട്ടികയിലും ഉൾപ്പെട്ടിട്ടില്ല. ആകെയുള്ള 224 സീറ്റിൽ 212 എണ്ണത്തിലാണ് ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സീറ്റ് തഴഞ്ഞതോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഷെട്ടാറിനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു.
മുതിർന്ന നേതാക്കളെയും ചില സിറ്റിങ് എം.എൽ.എമാരെയും ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരംനൽകണമെന്നാണ് നരേന്ദ്ര മോദിയും അമിത്ഷായും നിർദേശിച്ചത്. ഇതിന്റെ ഭാഗമായാണ് 68 കാരനായ ജഗദീഷ് ഷെട്ടാറിനോട് സീറ്റൊഴിയാൻ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ ആവശ്യപ്പെട്ടത്.
എന്നാൽ, പാർട്ടിക്കെതിരെ വിമതസ്വരമുയർത്തിയ അദ്ദേഹത്തെ അവസാന ഘട്ട പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. 99 ശതമാനവും ഷെട്ടാറിന് ടിക്കറ്റ് നൽകുമെന്നാണ് മുതിർന്ന നേതാവ് ബി.എസ്. യെദിയൂരപ്പ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.