ബി.ജെ.പിക്ക് 100 സീറ്റ് പോലും ലഭിക്കില്ല; മോദിയുടെ ഗ്യാരണ്ടി രണ്ടോ മൂന്നോ ‘സുഹൃത്തുക്കൾക്ക്’ മാത്രം -ഖാർഗെ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 100 സീറ്റ് പോലും ലഭിക്കില്ലെന്നും അധികാരത്തിൽനിന്ന് പുറത്താക്കപ്പെടുമെന്നും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പി 370 സീറ്റും എൻ.ഡി.എ 400 സീറ്റും നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആവർത്തിക്കുന്നതിനിടെയാണ് കോൺഗ്രസ് അധ്യക്ഷന്റെ മുന്നറിയിപ്പ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അമേഠിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത്തവണ 400 കടക്കും’ എന്ന പ്രധാനമന്ത്രിയുടെ വാദത്തെ ‘ഇത്തവണ അധികാരത്തിൽ നിന്ന് പുറത്ത്’ എന്ന മറുവാദവുമായാണ് ഖാർഗെ നേരിട്ടത്.
‘400 സീറ്റ് കടക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. എന്നാൽ, 100 സീറ്റ് പോലും നേടാനാകാതെ അവർ അധികാരത്തിൽനിന്ന് പുറത്തുപോകും. ഞാൻ പാർലമെന്റിൽ സംസാരിക്കുമ്പോഴെല്ലാം മൈക്ക് ഓഫ് ചെയ്യുകയും ബി.ജെ.പി അംഗങ്ങൾ സംസാരം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മോദി ഏകാധിപതിയായി മാറുകയാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ടില്ലെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പോ ജനാധിപത്യമോ ഭരണഘടനയോ രാജ്യത്തുണ്ടാകില്ല’ -ഖാർഗെ പറഞ്ഞു.
‘മോദിയുടെ ഗ്യാരണ്ടി കർഷകർക്കോ തൊഴിലാളികൾക്കോ ദലിതുകൾക്കോ ആദിവാസികൾക്കോ മറ്റു പിന്നാക്ക വിഭാഗങ്ങൾക്കോ അല്ല, അദ്ദേഹത്തിന്റെ ‘സുഹൃത്തുക്കൾ’ ആയ രണ്ടോ മൂന്നോ അതിസമ്പന്നർക്ക് വേണ്ടിയാണ്. അവരുടെ 13 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളിയപ്പോൾ കർഷകർ 12,000വും 13,000വും വായ്പ തിരിച്ചടക്കാനാവാതെ ജീവനൊടുക്കാൻ നിർബന്ധിതരാകുന്നു. ധനികരുടെ നികുതികളിൽ ഇളവ് വരുത്തുമ്പോൾ പാവപ്പെട്ടവരുടേത് കൂട്ടിക്കൊണ്ടിരിക്കുന്നു’ -ഖാർഗെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.