ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടത് ബോംബ് നിർമാണത്തിനിടെ; നിർമാണ സാമഗ്രികൾ പിടികൂടി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെടുകയും ആറ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ബോംബ് നിർമാണത്തിനിടെയെന്ന് പൊലീസ്. സൗത്ത് 24 പർഗാനയിലെ ഗോസബ അരാംപൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സ്ഫോടനത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ ശോഭൻ ദെബ്നാഥ് ആണ് കാനിങ് ആശുപത്രിയിൽ മരിച്ചത്. ഗുരുതര പരിക്കേറ്റ മറ്റുള്ളവരെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ബോംബ് നിർമാണ സാമഗ്രികൾ വീട്ടിനടുത്ത് സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് വ്യക്തമാണെന്ന് ബറൂയിപൂർ അഡീഷണൽ എസ്പി ഇന്ദ്രജിത് ബസു പറഞ്ഞു.
വരാനിരിക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ അക്രമം വ്യാപിപ്പിക്കാൻ ബി.ജെ.പിക്കാർ ബോംബ് നിർമ്മിക്കുകയാണെന്ന് ഗോസബയിലെ തൃണമൂൽ എംഎൽഎ ജയന്ത നസ്‌കർ ആരോപിച്ചു. അതേസമയം, വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന പ്രവർത്തകരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് ബിശ്വജിത് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.