'മോദി ക്ഷേത്ര'ത്തിലെ പ്രതിഷ്ഠ ബി.ജെ.പി പ്രവർത്തകൻ തന്നെ നീക്കി; 'നിരാശ' പ്രകടിപ്പിച്ച് എൻ.സി.പി
text_fieldsപുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ചത് വിവാദമായതോടെ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മോദിയുടെ പ്രതിമ നീക്കി. ക്ഷേത്രം നിർമിച്ച ബി.ജെ.പി പ്രവർത്തകൻ തന്നെയാണ് 'മോദി പ്രതിഷ്ഠ' ഒഴിവാക്കിയത്.
പുനെ സ്വദേശിയായ 37കാരൻ മയുർ മാണ്ഡെയാണ് മോദിക്കായി ക്ഷേത്രം നിർമിച്ചത്. മോദിയുടെ അർധകായ പ്രതിമ പ്രതിഷ്ഠിക്കുകയും ചെയ്തു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിലും മറ്റനേകം കാര്യങ്ങൾ ചെയ്തതിനുമുള്ള നന്ദിയായാണ് ക്ഷേത്രം നിർമിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.
ജയ്പൂരിൽ നിന്നും മാർബിൾ എത്തിച്ചാണ് മയുർ മോദിയുടെ ചിത്രമുള്ള രൂപക്കൂട് ഉണ്ടാക്കിയത്. 1.6 ലക്ഷം രൂപയാണ് ഇതിനായി ചിലവാക്കിയത്. മോദിയെ സ്തുതിച്ചുള്ള ഒരു കവിതയും ഇയാൾ സമീപത്ത് പ്രദർശിപ്പിച്ചിരുന്നു.
എന്നാൽ, ക്ഷേത്രം നിർമിച്ചതിനെതിരെ കോൺഗ്രസും എൻ.സി.പിയും ഉൾപ്പെടെ ശക്തമായ വിമർശനമുയർത്തുകയായിരുന്നു. ഇതോടെ ബി.ജെ.പി നേതൃത്വം പ്രതിസന്ധിയിലായി. പ്രവർത്തകനെ തന്നെ തള്ളിപ്പറയേണ്ട സാഹചര്യമായി. തുടർന്നാണ് മയുർ മാണ്ഡെ തന്നെ പ്രതിഷ്ഠ നീക്കിയത്. ഇയാളെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, പ്രതിമ നീക്കം ചെയ്തതിന് പിന്നാലെ പരിഹാസവുമായി എന്‍.സി.പി നേതാക്കള്‍ രംഗത്തെത്തി. പ്രതിമ നീക്കം ചെയ്തതില്‍ തങ്ങൾ 'നിരാശ'യിലാണെന്നും 'തങ്ങള്‍ ക്ഷേത്രത്തില്‍ വന്ന് എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നില്‍ക്കുന്ന പെട്രോള്‍, എല്‍.പി.ജി, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വിഗ്രഹത്തിന് അര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും' എന്‍.സി.പി നേതാക്കള്‍ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.