വിവരം നൽകുന്നവർക്ക് 25,000 രൂപ, കൈയ്യേറ്റവും പൊളിച്ചുമാറ്റി; ഒടുവിൽ കീഴടങ്ങാൻ സന്നദ്ധനായി 'ത്യാഗി'
text_fieldsന്യൂഡൽഹി: നോയ്ഡയിൽ അയൽക്കാരിയെ കൈയേറ്റം ചെയ്ത ബി.ജെ.പി പ്രവർത്തകൻ ശ്രീകാന്ത് ത്യാഗി കീഴടങ്ങാൻ സന്നദ്ധനായതായി റിപ്പോർട്ട്. ത്യാഗിയുടെ നോയിഡയിലെ വീടിന് പുറത്തുള്ള അനധികൃത നിർമാണം ഇന്ന് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. പൊലീസ് തിരച്ചിൽ ശക്തമാക്കുകയും അയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 25000 രൂപ പ്രഖ്യാപിക്കുകയും ചെയ്തതിരുന്നു. ആദായനികുതി ഉദ്യോഗസ്ഥർ നോയിഡയിലെ ഭംഗൽ മാർക്കറ്റ് ഏരിയയിലുള്ള ത്യാഗിയുടെ സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയും ചെയ്തു. മാർക്കറ്റിൽ ഇയാൾക്ക് 15 കടകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
എന്തായാലും കാര്യം കൈവിട്ടുപോയതോടെ നോയിഡയിലെ സൂരജ്പൂർ കോടതിയിൽ ത്യാഗിയുടെ അഭിഭാഷകൻ കീഴടങ്ങാൻ അപേക്ഷ നൽകിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ശ്രീകാന്ത് ത്യാഗിയുടെ അപേക്ഷ ആഗസ്ത് 10ന് പരിഗണിക്കാൻ കോടതി തീരുമാനിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ത്യാഗിയുടെ അവസാന ലൊക്കേഷൻ ഋഷികേശാണെന്ന് പോലീസ് വൃത്തങ്ങൾ കണ്ടെത്തിയതായി ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ നോയിഡ പോലീസ് എന്തെങ്കിലും സഹകരണം തേടുകയാണെങ്കിൽ ഡെറാഡൂണും ഹരിദ്വാർ പോലീസും സഹകരിക്കുമെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു.
ത്യാഗിക്കെതിരെ കേസെടുത്തതിനു പിന്നാലെ പരാതിക്കാരിയായ യുവതിയുടെ മേൽവിലാസം തേടി നിരവധി ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. പിന്നാലെയാണ് ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിച്ചുനീക്കൽ. യുവതിയുടെ വിവരം പുറത്തുവിടാൻ നാട്ടുകാർ വിസമ്മതിക്കുകയും പ്രവർത്തകരെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നോയിഡയിലെ സെക്ടര്‍ 93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സിലെ പാര്‍ക്ക് ഏരിയയില്‍ മരങ്ങളും ചെടികളും നടുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തെ തുടർന്നാണ് അയൽക്കാരിയായ യുവതിയെ ത്യാഗി കൈയേറ്റം ചെയ്തത്. ശ്രീകാന്ത് ത്യാഗി യുവതിയെ തള്ളിയിടുകയും അസഭ്യം പറയുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ത്യാഗിയുടെ ട്വിറ്റർ പ്രൊഫൈലിൽ ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, യുവ കിസാന്‍ സമിതിയുടെ ദേശീയ കോഓഡിനേറ്റർ എന്നിങ്ങനെയാണുള്ളത്. ഇയാൾ ജെ.പി നദ്ദയടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സൊസൈറ്റിയിലെ താമസക്കാരുടെ ആഹ്ലാദത്തിനും കൈയടിക്കും ഇടയിൽ, ബുൾഡോസറുകളും കോടാലികളേന്തിയ തൊഴിലാളികളും കൈയേറ്റം മിനിറ്റുകൾക്കുള്ളിലാണ് പൊളിച്ചുമാറ്റിയത്. "ബുൾഡോസർ ബാബ കാ ബുൾഡോസർ ചലാ ഹേ, ഹ്യൂമേ ബഹുത് ഖുഷി ഹൈ (ബുൾഡോസർ ബാബ ബുൾഡോസർ ഉരുട്ടി, ഞങ്ങൾക്ക് സന്തോഷമുണ്ട്)," ഒരു താമസക്കാരൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.