കാണാതായ ബി.ജെ.പി പ്രവർത്തകയുടെ മൃതദേഹം പ്ലേസ്കൂള്‍ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: കാണാതായ ബി.ജെ.പി പ്രവർത്തകയുടെ മൃതദേഹം ഡൽഹി നരേലയിലെ പ്ലേസ്കൂള്‍ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. നരേലയിലെ സ്വതന്ത്ര നഗർ താമസക്കാരിയായ വർഷ (32)യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 24നാണ് വർഷയെ കാണാതാകുന്നത്.
കാണാനില്ലെന്ന് പിതാവ് വിജയ് കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഫെബ്രുവരി 23നാണ് വർഷ തന്റെ ബിസിനസ് പങ്കാളിയായ സോഹൻലാലിനെ കാണാൻ പോകുന്നത്. സോഹൻലാലുമായി ചേർന്നാണ് വർഷ പ്ലേസ്കൂൾ തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ, പ്ലേസ്കൂൾ ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല.
ഫെബ്രുവരി 24ന് വര്‍ഷയുടെ ഫോണിലേക്കു വിളിച്ചപ്പോൾ മറ്റൊരാളാണ് ഫോണെടുത്തതെന്ന് വിജയ് കുമാർ പറയുന്നു. സോനിപ്പത്തിലെ റെയിൽവേ പാളത്തിനടുത്ത് നിന്നാണ് അയാള്‍ വർഷയുടെ ഫോണിൽ സംസാരിച്ചത്. ഒരു പുരുഷൻ ആത്മഹത്യക്കു ശ്രമിക്കുന്നുണ്ടെന്ന് അയാൾ പറഞ്ഞതായി വിജയകുമാർ പറയുന്നു. തുടര്‍ന്ന് വിഡിയോകോൾ ചെയ്തു. സോഹനായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചയാളെന്ന് പിന്നീട് വ്യക്തമായി. എന്നാൽ ഉടൻ തന്നെ അവിടെ എത്തിയെങ്കിലും സോഹനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വിജയകുമാർ പൊലീസിനെ അറിയിച്ചു.
സോഹന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് ഫെബ്രുവരി 28ന് വിജയ് കുമാർ പ്ലേസ്കൂളിലെത്തി. സ്കൂളിന്റെ അടഞ്ഞുകിടക്കുന്ന ഷട്ടർ കെട്ടിട ഉടമയെകൊണ്ട് തുറപ്പിക്കുകയായിരുന്നു. ഷട്ടർ തുറന്നപ്പോഴാണ് വർഷയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ഷാൾ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. വർഷയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സോഹനു വേണ്ടിയുള്ള പരിശോധന നടത്തുന്നതിനിടെ ഫെബ്രുവരി 25ന് സോനിപ്പത്തിലെ റെയിൽവേ ട്രാക്കിൽ നിന്ന് തിരിച്ചറിയാനാകാത്ത വിധം ഒരു മൃതദേഹം പൊലീസിനു ലഭിച്ചു. ഇത് സോഹൻലാലിന്റെതാണെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.