കർണാടകയിൽ മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ
text_fieldsമംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബി.ജെ.പിയിൽ തർക്കം തുടരുന്നു. കോലാർ ജില്ലയിൽ രോഷാകുലരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. കോലാറിലെ മലുർ മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് സംഭവം. നേതാക്കളും അണികളും വ്യാഴാഴ്ച തെരുവിലിറങ്ങി.
ഓഫിസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും നീക്കം ചെയ്തു. നിലവിൽ കോൺഗ്രസ് എം.എൽ.എ കെ.വൈ. നഞ്ചെഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലുർ. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാർട്ടി തനിക്കോ നേതാക്കൾക്കോ പ്രവർത്തകർക്കോ ആവശ്യമില്ലെന്ന് വിജയകുമാർ മാലുറിൽ മോദി റസിഡന്റ്സ് പരിസരത്ത് തടിച്ചു കൂടിയ വൻജനാവലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിൽ താൻ തിരിച്ചും വിശ്വസിക്കുന്നു.
ഈ മണ്ഡലത്തിൽ സ്വതന്ത്രനായി ജനവിധി തേടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബി.ജെ.പി നേതാക്കളായ ഹനുമപ്പ, ജി. പ്രഭാകർ, ടി. തിമ്മപ്പണ്ണ, ചമ്പെ നാരായൺ ഗൗഡ, ബി.ആർ. വെങ്കിടേശ്, ആർ. രാമമൂർത്തി, ഹങ്കെനഹള്ളി വെങ്കിടേഷ്, എം. മോഹൻ ബാബു, എസ്. നാഗണ്ണ, എം. കെമ്പോദണ്ണ, അമരേഷ് റെഡ്ഡി, ദേവരാജ് റെഡ്ഡി, കെ. ജഗണ്ണ, സി. ചന്ദ്രണ്ണ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.