ഹിന്ദുത്വ സങ്കൽപം ഇന്ത്യൻ ഡി.എൻ.എയുടെ ഭാഗമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
text_fieldsപൂനെ: ഹിന്ദുത്വ സങ്കൽപം ഇന്ത്യൻ ഡി.എൻ.എയുടെ ഭാഗമാണെന്നും ബി.ജെ.പി ഹിന്ദുത്വയുടെ വാഹകനായാണ് പ്രവർത്തിക്കുന്നതെന്നും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. 'ബി.ജെ.പി: ഭൂതം, വർത്തമാനം, ഭാവി' എന്ന ശന്തനു ഗുപ്തയുടെ പുസ്തകത്തിന്‍റെ മറാത്തി വിവർത്തന പതിപ്പിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യക്കാരുടെയും ഡി.എൻ.എ ഒന്നുതന്നെയാണെന്നും എല്ലാ ഇന്ത്യക്കാരും ഒരു പിതാവിന്റെ മക്കളാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് ഫഡ്‌നാവിസ് പറഞ്ഞു.
ഭൂമിശാസ്ത്രപരമായി ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ആശയമാണ് ഹിന്ദുത്വമെന്ന് ഫഡ്നാവിസ് പറഞ്ഞു. ബംഗാളിലെ ബ്രാഹ്മണർ മുതൽ ദക്ഷിണേന്ത്യയിലെ നായർ വരെയുള്ളവരെല്ലാം ഒരു പിതാവിന്റെ മക്കളാണെന്നും ആര്യമാർ- ദ്രാവിഡമാർ തുടങ്ങിയ കെട്ടിച്ചമച്ച സിദ്ധാന്തങ്ങളെല്ലാം അപ്രത്യക്ഷമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഗളമാരും ബ്രിട്ടീഷ്കാരും ഹിന്ദുമതത്തിന്‍റെ സംസ്കാരം നശിപ്പിച്ചതായും ഫഡ്നാവിസ് കുറ്റപ്പെടുത്തി.
ഹിന്ദുത്വത്തിന്റെ പേരു പറഞ്ഞ് പ്രവർത്തിക്കുന്ന വ്യാജ രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ടെന്ന് ശിവസേനയുടെ പേര് പരാമർശിക്കാതെ ഫഡ്നാവിസ് പറഞ്ഞു. ബി.ജെ.പി ഹിന്ദുത്വത്തിന്റെയും അതിന്റെ പ്രത്യയശാസ്ത്രത്തിന്റെയും ഉൽപ്പന്നമാണെന്നും ഫഡ്നാവിസ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.