6046 കോടി! ബി.ജെ.പിയുടെ ആസ്തിയിൽ വൻ വർധന; എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ആസ്തികളിൽ 21 ശതമാനത്തിന്‍റെ വർധനവെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2021, 2022 സാമ്പത്തിക വർഷത്തെ കണക്കാണിത്.
ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി), ഇന്ത്യൻ നാഷ്നൽ കോൺഗ്രസ് (ഐ.എൻ.സി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി), ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സി.പി.ഐ.എം), തൃണമൂൽ കോൺഗ്രസ് (എ.ഐ.ടി.സി), നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.ഇ.പി) തുടങ്ങിയ രാജ്യത്തെ എട്ട് ദേശീയ പാർട്ടികളുടെ 2020-21, 2021-22 സാമ്പത്തിക വർഷത്തെ ആസ്തിയും ബാധ്യതകളുമാണ് എ.ഡി.ആർ വിശകലനം ചെയ്തത്.
2020-21 സാമ്പത്തിക വർഷത്തിൽ ഈ എട്ട് ദേശീയ പാർട്ടികൾ പ്രഖ്യാപിച്ച മൊത്തം ആസ്തി 7297.618 കോടി രൂപയായിരുന്നു. ഇത്2021-22 സാമ്പത്തിക വർഷത്തിൽ 8829.158 കോടിയായി ഉയർന്നു. ഏറ്റവും കൂടുതൽ പ്രഖ്യാപിത ആസ്തിയുള്ളത് ബി.ജെ.പിക്കാണ്. ബി.ജെ.പിയുടെ ആസ്തി 2020-21ൽ 4990 കോടി ആയിരുന്നുവെങ്കിൽ 2021-22 ൽ ഇത് 6046 ആയി ഉയർന്നു. രണ്ട് വർഷത്തിനിടയിലെ അവരുടെ വർധനവ് ഏറ്റവും ഉയർന്നതാണ്. മറ്റ് ഏഴ് ദേശീയപ്പാർട്ടികൾക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. അതേസമയം, ആസ്തിയിൽ രണ്ടാംസ്ഥാനത്തുള്ള കോൺഗ്രസിന്‍റേത് 691 കോടിയിൽനിന്ന് 16.5 ശതമാനം വർധിച്ച് 805 കോടിയായി.
വാർഷിക പ്രഖ്യാപിത ആസ്തിയിൽ കുറവ് കാണിക്കുന്ന ഏക ദേശീയ പാർട്ടി ബി.എസ്.പി ആണ്. 2020-21 നും 2021-22 നും ഇടയിൽ ബി.എസ്.പിയുടെ മൊത്തം ആസ്തി 732.79 കോടി രൂപയിൽ നിന്ന് 690.71 കോടിയായി കുറഞ്ഞു. 5.74 ശതമാനത്തിന്‍റെ കുറവാണിത്. അതേസമയം, കോൺഗ്രസ് പാർട്ടികൾക്കാണ് ഏറ്റവും കൂടുതൽ ബാധ്യതകൾ ഉള്ളത്. 71.58 കോടി രൂപ. തൊട്ടുപിന്നിൽ സി.പി.ഐ.എം ആണ്.
2020-21, 2021-22 സാമ്പത്തിക വർഷത്തിനിടയിൽ അഞ്ച് പാർട്ടികൾ ബാധ്യതകളിൽ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷ്നൽ കോൺഗ്രസ് (29.63 കോടിയുടെ കുറവ്), ബി.ജെ.പി (6.035 കോടി), സി.പി.ഐ.എം (3.899 കോടി), എ.ഐ.ടി.സി (1.306 കോടി), എൻ.സി.പി (ഒരു ലക്ഷം രൂപ) എന്നിങ്ങനെയാണ് കണക്ക്.
വായ്പ എടുത്ത ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ അല്ലെങ്കിൽ ഏജൻസികൾ എന്നിവയുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കാൻ പാർട്ടികളോട് നിർദേശിക്കുന്ന ഐ.സി.എ.ഐ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ദേശീയ പാർട്ടികൾ പരാജയപ്പെട്ടതായും എ.ഡി.ആർ കണ്ടെത്തി. വായ്പ ലഭിച്ച്, ഒന്നു മുതൽ അഞ്ച് വർഷം അല്ലെങ്കിൽ അഞ്ച് വർഷത്തിന് ശേഷം തിരിച്ചടവ് സംബന്ധിച്ച കാര്യങ്ങൾ പ്രഖ്യാപിക്കണമെന്നാണ് മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.