ഝാർഖണ്ഡ്: വർഗീയ പ്രസംഗങ്ങളിൽ മുങ്ങി ബി.ജെ.പി പ്രചാരണം
text_fieldsറാഞ്ചി: ഈ മാസം 13ന് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഝാർഖണ്ഡിൽ വോട്ടിനായി പച്ച വർഗീയത പറഞ്ഞ് ബി.ജെ.പി പ്രചാരണം. പാർട്ടിയുടെ കേന്ദ്രനേതാക്കളും സംസ്ഥാനത്തെ ചെറുകിട നേതാക്കളും ഒരുപോലെ ജാതി-മത സമവാക്യങ്ങൾ ചൂഷണം ചെയ്യാനുതകും വിധമുള്ള പ്രസംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്.
ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. പത്തുവർഷം കേന്ദ്രം ഭരിച്ചിട്ടും ബി.ജെ.പിക്ക് വികസനത്തെക്കുറിച്ച് പറയാൻ ഒന്നുമില്ലെന്നും വർഗീയത മാത്രമാണ് തുറുപ്പുശീട്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. നവംബർ 13നും 20നും ഝാർഖണ്ഡിലെ ജനം വോട്ടുചെയ്യുന്നത് സമുദായ സൗഹാർദത്തിനും സാമൂഹിക നീതിക്കും ആത്മാഭിമാനത്തിനുമായിട്ടായിരിക്കുമെന്ന് അദ്ദേഹം തുടർന്നു. ‘ഇൻഡ്യ’ സഖ്യം കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടമാണ് മുന്നോട്ടുവെക്കുന്നത്. അധിക റേഷൻ, സ്ത്രീകൾക്ക് സഹായധനം, ഓരോ ബ്ലോക്കിലും ഡിഗ്രി കോളജുകൾ തുടങ്ങിയ ഉറപ്പുകളും സഖ്യം നൽകുന്നു. നമ്മുടെ പ്രധാനമന്ത്രി കഴിഞ്ഞ പത്തുവർഷത്തിനിടെ നൽകിയ ഒരു വാഗ്ദാനവും പൂർത്തീകരിക്കാനാത്ത അവസ്ഥയിലാണ് -രമേശ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം സംസാരിക്കവെ, എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിന് ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെങ്കിലും മുസ്‍ലിംകൾക്കുള്ള ഏതുതരത്തിലുള്ള സംവരണത്തിനുമെതിരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സമാനരീതിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിലെ ബൊക്കോറോയിൽ നടത്തിയ പ്രസംഗവും. അവിടെ ജാതിയുടെ പേരിലായിരുന്നു മോദിയുടെ വോട്ടുതേടൽ.
റോഹിങ്ക്യകളുടെയും ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെയും ‘ധർമശാല’യായി ജെ.എം.എം സഖ്യം ഭരിക്കുന്ന ഝാർഖണ്ഡ് മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗഡ്‍വയിലെ ഭാവ്നാഥ്പൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്സവവേളകൾ അലങ്കോലമാക്കുന്നവർക്കും മാഫിയക്കുമെതിരായ പ്രതികരണമാകണം ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. 81 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ നവംബർ 23നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.