തെലങ്കാനയിൽ ബി.ജെ.പിയുടെ പ്രചാരണ കേളികൊട്ട്
text_fieldsഹൈദരാബാദിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ 'റോഡ് ഷോ'യോടെ തെലങ്കാന പിടിക്കാനുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേളികൊട്ട്. ഇന്ന് തുടങ്ങുന്ന ദേശീയ നിർവാഹക സമിതിക്ക് മുന്നോടിയായാണ് വെള്ളിയാഴ്ച വൈകീട്ട് പാർട്ടി അധ്യക്ഷന്‍റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തിയത്. നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ദേശീയ നിർവാഹക സമിതിയിലെ അജണ്ടക്കും അവതരിപ്പിക്കേണ്ട പ്രമേയങ്ങൾക്കും അന്തിമ രൂപം നൽകി.
ഷംഷാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ വെള്ളിയാഴ്ച ജെ.പി. നഡ്ഡയെ സ്വീകരിച്ച തെലങ്കാന സംസ്ഥാന ബി.ജെ.പി നേതാക്കൾ തുറന്ന വാഹനത്തിൽ ആനയിച്ചു. റോഡ് ഷോ നയിച്ച ദേശീയ അധ്യക്ഷനെ ബി.ജെ.പി തെലങ്കാന സംസ്ഥാന പ്രസിഡന്‍റ് ബണ്ഡി സഞ്ജയ്, നടിയും തെലങ്കാനയിലെ പാർട്ടി നേതാവുമായ വിജയശാന്തി, ലോക്സഭ എം.പി കെ. ലക്ഷ്മൺ എന്നിവരും അനുഗമിച്ചു.
വാദ്യഘോഷങ്ങളുടെയും നൃത്തനൃത്യങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. റോഡ് ഷോ കഴിഞ്ഞ് നഡ്ഡ ദേശീയ നിർവാഹക സമിതി നടക്കുന്ന ഹൈദരാബാദ് ഇൻറർനാഷനൽ കൺവെൻഷൻ സെന്‍ററിലെത്തി. പിന്നീട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗം ചേർന്ന് നിർവാഹക സമിതിയുടെ അജണ്ടക്ക് അന്തിമരൂപം നൽകി.
522 ദിവസത്തിനു ശേഷം തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവു സർക്കാർ ഉണ്ടായിരിക്കില്ലെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി തരുൺ ചുഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, ബി.ജെ.പി മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, സംഘടനാ ഭാരവാഹികൾ തുടങ്ങി 340 പ്രതിനിധികൾ നിർവാഹക സമിതിയിൽ പങ്കെടുക്കും. മോദി ഞായറാഴ്ച യോഗത്തെ അഭിസംബോധന ചെയ്യുമെന്നും തരുൺ ചുഗ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.