രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതിയുമായി ബി.ജെ.പി
text_fieldsമുംബൈ: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ബി.ജെ.പി. നവംബർ ആറിന് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ഭരണഘടനയെ കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയെന്നും സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചുമെന്നുമാണ് ആരോപണം. ഇത് തെരഞ്ഞെടുപ്പ് നിയമങ്ങൾക്കെതിരാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ബി.ജെ.പി പരാതിയിൽ പറയുന്നു.
എല്ലാ പദ്ധതികളും ബി.ജെ.പി മഹാരാഷ്ട്രയിൽ നിന്നും ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുകയാണെന്ന രാഹുലിന്‍റെ പ്രസംഗം മഹാരാഷ്ട്രയിലെ യുവാക്കളെ ഇളക്കിവിടുക ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും അത്യന്തം അപകടകരമാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം നിറയെ തെറ്റിദ്ധരിപ്പിക്കുന്നതും നുണകളുമാണ്. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ ഭിന്നതയും അതൃപ്തിയും ഇളക്കിവിടാനാണ് ശ്രമം. ബി.ജെ.പിക്കെതിരെ അദ്ദേഹം നിരന്തരം വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. 'പ്രദേശത്തിന്‍റെയോ മതത്തിന്‍റെയോ ജാതിയുടെയോ' അടിസ്ഥാനത്തിൽ വിള്ളലുകൾ സൃഷ്ടിക്കാനുള്ള നീചമായ ശ്രമമാണിത്. നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കുക മാത്രമാണ് ലക്ഷ്യമിടുന്നത് -പരാതിയിൽ പറയുന്നു.
രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ പറഞ്ഞു. മുന്നറിയിപ്പുകളും നോട്ടീസുകളും നൽകിയിട്ടും രാഹുൽ ഗാന്ധി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.