രാമക്ഷേത്രവും പശുവും വോട്ട് തട്ടാനുള്ള ബി.ജെ.പിയുടെ കുതന്ത്രം -ശിവസേന
text_fieldsമുംബൈ: രാമക്ഷേത്രവും പശുവും ഉയർത്തിയുള്ള ബി.ജെ.പിയുടെ രാഷ്ട്രീയം ഹിന്ദു വോട്ടുകൾ തട്ടിയെടുക്കാനുള്ള കുതന്ത്രമാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ശിവസേനാ മുഖപത്രമായ സാമ്നയിലൂടെയാണ് പശുരാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനം.
പശുക്കൾക്കും രാമക്ഷേത്രത്തിനും വേണ്ടിയാണ് ബി.ജെ.പി രാഷ്ട്രീയം തുടങ്ങിയതെന്നും അത് ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സാമ്നയിലെ ലേഖനം പറയുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബി.ജെ.പി വൈകാരികവും മതപരവുമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.
ചില സംസ്ഥാനങ്ങളിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും വരാനിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ പറയാൻ സർക്കാരിന് നേട്ടങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മോദി സർക്കാർ വൈകാരികവും മതപരവുമായ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്.
സംഘ്പരിവാറിനെയും സേനാ മുഖപത്രം രൂക്ഷമായി വിമർശിച്ചു. 15 ദിവസം മുമ്പ് സംഘ് നേതാവ് ദത്താത്രേ ഹൊസ്ബലെ ജയ്പൂരിൽ ഒരു വിദ്വേഷ പ്രസ്താവന നടത്തിയിരുന്നുവെന്നും അതിന് രാജ്യത്തിന് ഉത്തരം ആവശ്യമാണെന്നും ലേഖനം പറയുന്നു.
‘പശുമാംസം കഴിക്കുന്നവർക്കായി സംഘത്തിന്റെ വാതിലുകൾ തുറന്നിരിക്കുകയാണ്. ഒരു വശത്ത് പശുക്കളെ അറവുശാലയിലേക്ക് കൊണ്ടുപോകാൻ സംഘ്പരിവാർ അനുമതി നൽകുമ്പോൾ മറുവശത്ത് മോദി സർക്കാർ പശു ആലിംഗന ദിനത്തിന് ആഹ്വാനം ചെയ്യുന്നു. ഗോമാംസം ഭക്ഷിക്കുന്നവരെ സംഘത്തിനകത്ത് പ്രവേശിപ്പിക്കുകയാണെങ്കിൽ, പണ്ട് എന്തിനാണ് അതിന്റെ പേരിൽ ആളുകളെ കൊന്നത്’-ലേഖനത്തിൽ പറയുന്നു.
അദാനി വിഷയത്തിൽ ബി.ജെ.പി ഒന്നും പറയുന്നില്ലെന്നും പാർലമെന്റിലെ പ്രസംഗത്തിലൂടെ മോദിയടക്കമുള്ളവർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സേനാ മുഖപത്രം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.