മുതിർന്ന ബി.ജെ.പി നേതാവ് ഏക്നാഥ് ഖാദ്സേ പാർട്ടി വിട്ടു; എൻ.സി.പിയിൽ ചേരും
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബി.ജെ.പി നേതാവ് ഏക്നാഥ് ഖാദ്സേ പാർട്ടി വിട്ടു. വൈകാതെ അദ്ദേഹം എൻ.സി.പിയിൽ ചേരുമെന്ന് മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടീൽ അറിയിച്ചു. വെള്ളിയാഴ്ച രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി എൻ.സി.പി പക്ഷത്ത് എത്തും.
ഏക്നാഥ് ഖാദ്സേയുടെ രാജിക്കത്ത് ലഭിച്ച വിവരം ബി.ജെ.പിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ വരെ അദ്ദേഹം ബി.ജെ.പിയുടെ ഭാഗമായിരുന്നു. പാർട്ടിയിൽ തുടരാൻ ഞങ്ങളെല്ലാവരും അദ്ദേഹത്തെ നിർബന്ധിച്ചു. ഖാദ്സേയുടെ ഭാവി യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി ഖാദ്സേ എൻ.സി.പിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എൻ.സി.പി നേതാവ് ശരത് പവാറും ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ ബി.ജെ.പിയെ പടുത്തുയർത്തുന്നതിൽ ഖാദ്സേയുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നായിരുന്നു പവാറിെൻറ പ്രസ്താവന. ധനകാര്യമന്ത്രിയെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു. പാർട്ടിയിൽ അവഗണിക്കുന്നുവെന്ന തോന്നലിൽ അദ്ദേഹം ചിലപ്പോൾ ബി.ജെ.പി വിട്ട് മറ്റൊരു പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിച്ചേക്കാമെന്ന് പവാർ പറഞ്ഞിരുന്നു.
അഴിമതി ആരോപണങ്ങളെ തുടർന്ന് ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ നിന്ന് ഖാദ്സേ രാജിവെച്ചിരുന്നു. അദ്ദേഹത്തിെൻറ രാജിക്ക് പിന്നിൽ ഫഡ്നാവിസ് തന്നെയാണെന്നായിരുന്നു അനുയായികൾ ആരോപിച്ചിരുന്നത്. 2019 നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റുനൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.