ബി.ജെ.പിയുടെ പരീക്ഷണം; രാമക്ഷേത്രം വഴി മധ്യപ്രദേശ് പിടിക്കാനാകുമോ?
text_fieldsരാമക്ഷേത്ര പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ തീവ്രഹിന്ദുത്വത്തിന് മേൽവിലാസമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, രാമക്ഷേത്രം കൊണ്ടുമാത്രം ഇനിയും തെരഞ്ഞെടുപ്പ് ജയിക്കാനാകുമോ? ഈ മാസം 17ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം അതിനുള്ള ഉത്തരം കൂടിയായിരിക്കുമെന്നാണ് മുറുകുന്ന പ്രചാരണം വ്യക്തമാക്കുന്നത്.
രാമക്ഷേത്രത്തിലൂടെ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പിക്ക് സാധിക്കുമോ എന്നറിയാനുള്ള പരീക്ഷണം കൂടിയാണ് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ്.
ഹിന്ദുത്വം ഉഴുതുമറിച്ചിട്ട മണ്ണിൽ ഒരിക്കൽ കൂടി ജയിക്കാൻ രാമക്ഷേത്രം സജീവ ചർച്ചയാക്കാൻ ആർ.എസ്.എസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ സംസ്ഥാനത്തെ 230 നിയമസഭ മണ്ഡലങ്ങളിലും ഇറങ്ങാനാണ് ആർ.എസ്.എസ് തീരുമാനം. രാമക്ഷേത്രവുമായി ഇനിയുമൊരങ്കം ജയിക്കാൻ കഴിയുമെന്നാണ് മധ്യപ്രദേശിലെ സ്വയം സേവകരെയും ബി.ജെ.പി നേതാക്കളെയും വിളിച്ചുകൂട്ടി ‘പ്രഭാരി’കൾ പറയുന്നത്.
പോഷക സംഘടനകളുടെയും ബി.ജെ.പിയുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും നടത്തുന്ന ശിൽപശാലകളിലും ഇതുതന്നെ നിർദേശം. ആർ.എസ്.എസിന്റെ വിഭാഗ് കാര്യവാഹക് പാരസ് ഗഹ് ലോട്ടിനാണ് ശിൽപശാലയുടെ ചുമതല. മധ്യപ്രദേശിൽ ഹിന്ദുത്വത്തിന് ഏറ്റവും വളക്കൂറുള്ള മേഖലയായ ഉെജ്ജയിനിൽ നടന്ന ശിൽപശാലയിൽ പ്രഭാരിയായെത്തിയ ഗുജറാത്ത് മന്ത്രി ജഗദീഷ് വിശ്വ കർമ രാമക്ഷേത്രം മധ്യപ്രദേശിൽ പ്രചാരണ വിഷയമാക്കേണ്ടതെങ്ങനെയെന്ന് വിശദീകരിച്ചു.
സ്വയം സേവകരും ബി.ജെ.പി പ്രവർത്തകരും അടങ്ങുന്ന 10 -15 പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി ജനങ്ങളുമായി സംവദിക്കണം. രാമക്ഷേത്രത്തിനായി മോദിസർക്കാർ നടത്തിയ പോരാട്ടത്തെ കുറിച്ച് ജനങ്ങളോട് പറഞ്ഞ ശേഷം മനഃസാക്ഷി അനുസരിച്ച് വോട്ടുചെയ്യാൻ ആവശ്യപ്പെടണം.
ഭരണവിരുദ്ധ വികാരവും കോൺഗ്രസ് പദ്ധതികളുടെ ചർച്ചയും മറികടക്കാൻ ഹിന്ദുത്വമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് മനസ്സിലാക്കിയാണ് 2024ലെ പൊതുതെരഞ്ഞെടുപ്പിന് ഉയർത്തിക്കാണിക്കാൻ കരുതിയ രാമക്ഷേത്രം മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുഖ്യപ്രചാരണവിഷയമാക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കം തങ്ങളെ പ്രതിരോധത്തിലാക്കിയ ജനകീയ വിഷയങ്ങളിൽനിന്ന് പുറത്തുകടക്കാൻ ബി.ജെ.പിക്ക് മുന്നിലുള്ള ഏക വഴിയും രാമക്ഷേത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.