ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി, കെജ്രിവാളിനെ നേരിടാൻ പർവേശ് സാഹിബ് സിങ് വർമ
text_fieldsന്യൂഡൽഹി: ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടികയുമായി ബി.ജെ.പി. 29 സ്ഥാനാർഥികളുടെ പട്ടികയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എ.എ.പി 70 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ന്യൂഡൽഹിയിൽ ബി.ജെ.പി മുൻ എം.പി പർവേശ് സാഹിബ് സിങ് വർമയാണ്
ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ നേരിടുക. എ.എ.പിയിൽ നിന്ന് ബി.ജെ.പിയിലെത്തിയ മുൻ മന്ത്രിയും കെജ്രിവാളിന്റെ വിശ്വസ്തനുമായിരുന്ന കൈലാഷ് ഗെഹ്‍ലോട്ട് ബിജ് വാസനിൽ നിന്ന് ജനവിധി തേടും.
അതിഷിയെ നേരിടാൻ കൽക്കാജി മണ്ഡലത്തിൽ സൗത്ത് ഡൽഹി മുൻ എം.പി രണേശ് ബിധുരിയെ ആണ് ബി.ജെ.പി രംഗത്തിറക്കിയത്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബിധുരിയെ പരിഗണിച്ചിരുന്നില്ല. അൽക്ക ലംബയാണ് ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥി.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അരവിന്ദർ സിങ് ലവ്‍ലി ഗാന്ധിനഗറിൽനിന്ന് മത്സരിക്കും. 2003 മുതൽ 2013 വരെ ഷീലാദീക്ഷിത്തിന്റെ മന്ത്രിസഭയിലുണ്ടായിരുന്നു ഇദ്ദേഹം. 2015 മുതൽ ഡൽഹി ഭരിക്കുന്നുണ്ടെങ്കിലും ലോക്സഭ തെരഞ്ഞടുപ്പിൽ ഒറ്റ സീറ്റിലും വിജയം നേടാൻ എ.എ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എ.എ.പിയും വെവ്വേറെയാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.