'അസമിനെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാക്കും'; ബി.ജെ.പി മന്ത്രി സഭ അധികാരത്തിലെത്തി
text_fieldsഗുവാഹതി: അസമിെൻറ 15ാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ജഗദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിമന്തക്കൊപ്പം 13 മന്ത്രിമാരും അധികാരമേറ്റു. ഇതിൽ 10 പേരും ബി.ജെ.പിക്കാരാണ്. മറ്റ് മൂന്നു മന്ത്രിമാരിൽ രണ്ടെണ്ണം അസം ഗണപരിഷത്തും ഒരെണ്ണം യുനൈറ്റഡ് പീപ്ൾസ് പാർട്ടിയും പങ്കിട്ടു. ബി.ജെ.പി പ്രസിഡൻറ് ജെ.പി നഡ്ഡ, മുൻ മുഖ്യമന്ത്രി സർബാനന്ദ സനോവാൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പെങ്കടുത്തു. 126 സീറ്റുള്ള നിയമസഭയിൽ 75 സീറ്റുകൾ നേടിയാണ് തുടർച്ചയായ രണ്ടാം തവണയും ബി.െജ.പി മുന്നണി അധികാരത്തിലേറിയത്.
അഞ്ചു വർഷത്തിനുള്ളിൽ അസമിനെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ ഹിമന്ത പറഞ്ഞു. അടുത്ത ദിവസം മുതൽ ഇൗ ലക്ഷ്യത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഘടനവാദികളായ ഉൾഫ തീവ്രവാദികൾ ആയുധം വെടിഞ്ഞ് ചർച്ചക്ക് സന്നദ്ധമാകണമെന്നും തട്ടിക്കൊണ്ടുപോകലും കൊലപാതകവും പ്രശ്നം കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വിവാദമായ പൗരത്വ പട്ടികയിൽ പെട്ട അതിർത്തി ജില്ലകളിലെ 20 ശതമാനം പേരുകളും മറ്റ് പ്രദേശങ്ങളിലെ 10 ശതമാനം പേരുകളും പുനപരിശോധിക്കണമെന്നും ഹിമന്ത ആവശ്യപ്പെട്ടു. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.