ബി.ജെ.പി നേതാവ് കോപ്റ്ററിൽ പണമിറക്കിയെന്ന് കോൺഗ്രസ്; കണ്ടില്ലെന്ന് തെര.അധികൃതർ
text_fieldsമംഗളൂരു: ബി.ജെ.പി തമിഴ് നാട് സംസ്ഥാന പ്രസിഡൻറ് കെ.അണ്ണാമലൈ ഹെലികോപ്റ്ററിൽ പണം നിറച്ച ബാഗുമായാണ് ഇറങ്ങിയതെന്ന് മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വിനയകുമാർ സൊറകെ ആരോപിച്ചതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് അധികൃതർ.
അണ്ണാമലൈയുടെ കർണാടക സന്ദർശനത്തിൽ ഹെലികോപ്റ്ററിെൻറയൂം കാറിെൻറയും ഉപയോഗം, താമസം എന്നിവയുമായി ബന്ധപ്പെട്ട് മാതൃക പെരമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് ഉടുപ്പി മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസർ സീത വാർത്ത കുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 17ന് രാവിലെ 9.55നാണ് അണ്ണാമലൈ ഉടുപ്പിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയതെന്ന് സീത പറഞ്ഞു. എഫ്.എസ്.ടി-മൂന്ന് ടീം ലീഡർ രാഘവേന്ദ്രയും ഉടുപ്പി മണ്ഡലം മുനിസിപ്പൽ കോർപ്പറേഷൻ നോഡൽ ഓഫീസർ വിജയയും ചേർന്ന് ഹെലികോപ്റ്ററും അണ്ണാമലൈയുടെ ബാഗും പരിശോധിച്ചിരുന്നു. അനധികൃതമായി ഒന്നും കണ്ടെത്തിയില്ല.
സഞ്ചരിച്ച കാർ ഉദ്യാവർ ചെക്ക് പോസ്റ്റിൽ പരിശോധിച്ചിരുന്നു. കടിയാലിക്കടുത്ത ഓഷ്യൻ പേൾ ഹോട്ടലിൽ ഉച്ച രണ്ടോടെയാണ് അണ്ണാമലൈ എത്തിയത്.കൗപ് മണ്ഡലം സന്ദർശിക്കാനാണ് താൻ എത്തിയതെന്ന് അണ്ണാമലൈ അറിയിച്ചതായും സീത വിശദീകരിച്ചു.
കൗപ് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയായ വിനയകുമാർ സൊറകെ തിങ്കളാഴ്ച ഉടുപ്പി മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി പ്രസാദ് രാജ് കാന്തന്റെ പത്രിക സമർപ്പണ ശേഷം ഉടുപ്പി കോൺഗ്രസ് ഭവനിൽ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അണ്ണാമലൈ പണം ഇറക്കി എന്ന ആരോപണം ഉന്നയിച്ചത്. കർണാടക പൊലീസ് ഉന്നത ഉദ്യോഗസ്ഥനായിരിക്കെയായിരുന്നു അണ്ണാമലൈ ഐ.പി.എസ് വിട്ട് രാഷ്ട്രീയത്തിലേക്ക് കളം മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.