സ്ഥാനാർഥി സാധ്യത മങ്ങി: കർണാടക ബി.ജെ.പി നേതാവ് ഈശ്വരപ്പ പാർലമെന്ററി രാഷ്ട്രീയം ഉപേക്ഷിച്ചു
text_fieldsമംഗളൂരു: ഉടൻ പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനാർഥി പട്ടികയിൽ ഇടം നേടില്ലെന്നറിഞ്ഞ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്.ഈശ്വരപ്പ പാർലമെന്ററി രാഷ്ട്രീയം ഉപേക്ഷിച്ചു. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കാണിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദക്ക് കത്തയച്ചിരിക്കുകയാണ്.
അടുത്ത മാസം 10ന് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 75 കാരനായ ഷിവമോഗ്ഗ എം.എൽ.എയുടെ പിന്മാറ്റം. ഇദ്ദേഹത്തിന്റെ പേര് ഡൽഹിയിൽ പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലെന്ന് പാർലിമെന്ററി ബോർഡ് അംഗം മുൻ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ സൂചന നൽകിയിരുന്നു. ഇതെ തുടർന്നാണ് പാർലമെന്ററി രാഷ്ട്രീയം ഉപേക്ഷിക്കുന്ന തീരുമാനമെടുത്തത്.
"അല്ലാഹുവിന് എന്താ ചെവി കേൾക്കില്ലേ..."എന്ന് മംഗളൂരുവിലെ പാർട്ടി റാലിയിലെ ചോദ്യമാണ് വിവാദങ്ങൾക്കൊപ്പം നടന്ന ഈശ്വരപ്പയുടെ ഒടുവിലത്തെ ആക്ഷേപം. താൻ പ്രസംഗിച്ചു നിൽക്കെ പരിസരത്തെ മുസ്‌ലിം ആരാധനാലയത്തിൽ നിന്ന് ബാങ്ക് വിളി മുഴങ്ങിയതായിരുന്നു പ്രകോപനത്തിന് കാരണം. ചെങ്കോട്ടയിൽ കാവിക്കൊടി ഉയരുന്ന കാലം തന്റെ അനന്തര തലമുറകളിൽ വരുമെന്ന പ്രതീക്ഷ ഈശ്വരപ്പ പ്രസംഗങ്ങളിൽ പ്രകടിപ്പിച്ചിരുന്നു.
ജഗദീഷ് ഷെട്ടർ മന്ത്രിസഭയിൽ 2012-2013 ഉപമുഖ്യമന്ത്രിയായിരുന്ന ഈശ്വരപ്പ നടപ്പ് കർണാടക മന്ത്രിസഭയിൽ പഞ്ചായത്ത് -ഗ്രാമവികസന വകുപ്പിന്റെ ചുമതല വഹിച്ചു. എന്നാൽ, പാർട്ടി നേതാവായ കരാറുകാരന്റെ ആത്മഹത്യ കുറിപ്പിൽ ഈശ്വരപ്പ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതാണ് കാരണം എന്ന് പറഞ്ഞതിനെത്തുടർന്ന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.