ഡൽഹിയിൽ ബി.ജെ.പിയുടെ അവസാനത്തെ മുഖ്യമന്ത്രി 26 വർഷം മുമ്പ്; ഭരിച്ചത് 52 ദിവസം മാത്രം
text_fieldsന്യൂഡൽഹി: രണ്ടരപ്പതിറ്റാണ്ടിനു ശേഷം ന്യൂഡൽഹിയിൽ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് ബി.ജെ.പി. എ.എ.പിയുടെ 12 വർഷത്തെ ഭരണത്തിനാണ് ബി.ജെ.പി അന്ത്യം കുറിച്ചത്. 70 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 48ഉം എ.എ.പിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്. കോൺഗ്രസിന് ഇക്കുറിയും അക്കൗണ്ട് തുറക്കാനായില്ല.
26 വർഷം മുമ്പാണ് ബി.ജെ.പിക്ക് ഡൽഹിയിൽ ഏറ്റവും അവസാനമായി മുഖ്യമന്ത്രിയുണ്ടായിരുന്നത്. എന്നാൽ 52 ദിവസം മാത്രമേ അധികാരത്തിലിരിക്കാൻ സാധിച്ചുള്ളൂ. അഞ്ചുവർഷത്തെ ഇടവേളയിൽ അതായത് 1993നും 1998നുമിടയിൽ രാജ്യ തലസ്ഥാനം വ്യത്യസ്ത മുഖ്യമന്ത്രിമാരെ കണ്ടു.
1993ൽ ഡൽഹി ഭരിച്ച മദൻ ലാൽ ഖുറാനയാണ് ബി.ജെ.പിയുടെ തലസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി. അന്ന് 70 നിയമസഭാ സീറ്റുകളിൽ 49എണ്ണമാണ് ബി.ജെ.പി നേടിയത്. കോൺഗ്രസിന് 14 സീറ്റുകളാണ് ലഭിച്ചത്. 1995ലെ ഹവാല അഴിമതിയിൽ ഖുറാനയുടെ പേരും ഉയർന്നുവന്നു. അഴിമതി ആരോപണത്തിന്റെ സമ്മർദത്തിനിടെ 27 മാസത്തെ മുഖ്യമന്ത്രി പദവി ഖുറാന രാജിവെച്ചു. സാഹിബ് സിങ് വർമയായിരുന്നു പിൻഗാമിയായി എത്തിയത്. ന്യൂഡൽഹി മണ്ഡലത്തിൽ ഇപ്പോൾ എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ അടിയറവ് പറയിപ്പിച്ച പർവേശ് വർമയുടെ പിതാവാണിദ്ദേഹം. ഉള്ളിയുടെ വിലക്കയറ്റമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം തെറുപ്പിച്ചത്. 31 മാസത്തെ ഭരണത്തിന് ശേഷമാണ് വർമ മുഖ്യമന്ത്രി പദത്തിലിരുന്നത്.
പിന്നീട് ബി.ജെ.പിയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയായി സുഷമ സ്വരാജ് വന്നു. ഡൽഹിയിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായിരുന്നു ഇവർ. 52 ദിവസം മാത്രമാണ് അവർ അധികാരത്തിലിരുന്നത്. പിന്നീട് 1998ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി. 15 വർഷം അവർ ഡൽഹി ഭരിച്ചു. 2013ൽ കെജ്രിവാളിനോടാണ് ഷീല ദീക്ഷിത് പരാജയപ്പെട്ടത്. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 31 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പിക്ക് ഭരണം ലഭിച്ചില്ല. 28 സീറ്റുകൾ നേടിയ എ.എ.പി കോൺഗ്രസുമായി കൈകോർത്ത് സർക്കാർ രൂപവത്കരിക്കുകയായിരുന്നു. എന്നാൽ 49 ദിവസം മാത്രമേ അത് നീണ്ടുനിന്നുള്ളൂ. സർക്കാറിന്റെ പതനത്തെ തുടർന്ന് ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
2015ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67ഉം തൂത്തുവാതി എ.എ.പി അധികാരത്തിലെത്തി. ബി.ജെ.പിക്ക് മൂന്ന് സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിനെ അക്കൗണ്ട് തുറക്കാനേ സാധിച്ചില്ല. 2020ലും 62സീറ്റുകൾ സ്വന്തമാക്കി എ.എ.പി അധികാരം നിലനിർത്തി. അക്കൂറിയും കോൺഗ്രസ് വട്ടപ്പൂജ്യമായിരുന്നു. എന്നാൽ എട്ടു സീറ്റുകൾ നേടി ബി.ജെ.പി നില മെച്ചപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.