ബിഹാർ തെരഞ്ഞെടുപ്പിനിടെ 'ബംഗാൾ മിഷൻ' ആരംഭിക്കാൻ ബി.ജെ.പി
text_fieldsകൊൽക്കത്ത: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനായി കരുക്കൾ നീക്കി ബി.ജെ.പി. ബിഹാറിന് പിന്നാലെ ബംഗാളാണ് ലക്ഷ്യമെന്ന് ഉന്നത ബി.ജെ.പി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തിയാവും ബംഗാളിൽ ബി.ജെ.പി നീക്കങ്ങൾക്ക് തുടക്കമിടുക.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് അമിത് ഷാ സജീവമായി ഇടപെട്ടിരുന്നില്ല. എന്നാൽ, വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷാ പശ്ചിമ ബംഗാൾ സന്ദർശിക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി ബി.ജെ.പിയുടെ താഴെത്തട്ട് മുതലുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക് രൂപരേഖയൊരുക്കുകയാണ് സന്ദർശനത്തിന് പിന്നിലെ ലക്ഷ്യമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുതിർന്ന നേതാവ് രാഹുൽ സിൻഹയെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കളായ മുകുൾ റോയ്, അനുപം ഹസ്ര തുടങ്ങിയവർക്ക് പാർട്ടി പദവികൾ നൽകുകയും ചെയ്തത് ബംഗാളിലെ ബി.ജെ.പി നേതാക്കൾക്കിടയിൽ നീരസമുണ്ടാക്കിയിരുന്നു. ഒരുകാലത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വലംകൈയായിരുന്നു മുകുൾ റോയ്.
നേതാക്കൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ വഴിയിലേക്ക് കൊണ്ടുവരികയാണ് ഷായുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ദിന സന്ദർശനത്തിനിടെ കൊൽക്കത്തയിൽ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തും.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും ബംഗാൾ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു.
ബി.ജെ.പിക്ക് ബാലികേറാ മലയായ ബംഗാളിൽ ശക്തമായ മുന്നേറ്റം തന്നെയാണ് ഇക്കുറി പാർട്ടി ലക്ഷ്യമിടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകളിൽ വലിയ വർധനവ് സംസ്ഥാനത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.