'ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരണം'; മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ബി.ജെ.പി എം.എൽ.എ
text_fieldsമുംബൈ: ലവ് ജിഹാദിനെതിരെയും നിർബന്ധിത മതപരിവർത്തനത്തിനെതിരെയും നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ നിതീഷ് റാണെ. ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ മറ്റ് വനിതാ പ്രതിനിധികളോടൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും ബുധനാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തി.
"സംസ്ഥാനത്ത് ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി വനിത പ്രതിനിധികൾക്കൊപ്പം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും ഞങ്ങൾ കൂടിക്കാഴ്ച നടത്തി. കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ മഹാരാഷ്ട്രയിലും ലവ് ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ നിയമം കൊണ്ട് വരണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്"- നിതീഷ് റാണെ പറഞ്ഞു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആവശ്യങ്ങളോട് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും വരും മാസങ്ങളിൽ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ രൂപീകരിച്ച നിയമങ്ങൾ സംസ്ഥാന സർക്കാർ പഠിക്കുമെന്ന് ഫഡ്നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഞങ്ങൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ ഉണ്ടാക്കിയ നിയമങ്ങൾ ഞങ്ങൾ പഠിക്കും- ലവ് ജിഹാദിനെതിരായ നിയമത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഫഡ്‌നാവിസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.