ഹിമാചൽപ്രദേശിൽ ഓപ്പറേഷൻ താമര നടക്കില്ല; ബി.ജെ.പി 23 സീറ്റിലൊതുങ്ങുമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഹിമാചൽപ്രദേശിൽ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് എം.എൽ.എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബി.ജെ.പി ശ്രമം വിജയിക്കില്ലെന്ന് കോൺഗ്രസ്. ഹിമാചലിൽ ഓപ്പറേഷൻ താമര വിജയിക്കില്ലെന്ന് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കുൽദീപ് സിങ് റാത്തോർ പറഞ്ഞു. നവംബർ 12ന് നടന്ന തെരഞ്ഞെടുപ്പിൽ തിയോഗ് അസംബ്ലി മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു.
ബി.ജെ.പിയുടെ തന്നെ റിപ്പോർട്ടുകൾ അനുസരിച്ച് അവർക്ക് 23 സീറ്റു മാത്രമാണ് ലഭിക്കുക. പാർട്ടി പരാജയം സമ്മതിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചലിലെ വൻ പോളിങ് ജനങ്ങൾ മാറ്റത്തിനൊപ്പമാണെന്ന സൂചനയാണ് നൽകുന്നതെന്നും കോൺഗ്രസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് നാല് ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാലുടൻ ഡൽഹിയിൽ നിന്നും നിരീക്ഷകരെ അയക്കും. വിജയിച്ച സ്ഥാനാർഥികളുമായി അവർ ചർച്ച നടത്തിയതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മുഖ്യമന്ത്രി സ്ഥാനത്തിനായി താനില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.