പുതുച്ചേരി പിടിക്കാൻ തന്ത്രങ്ങളൊരുക്കി ബി.ജെ.പി
text_fieldsചെന്നൈ: രാഷ്ട്രപതി ഭരണത്തിെൻറ തണലിൽ പുതുച്ചേരി പിടിക്കാൻ ബി.ജെ.പി സഖ്യമൊരുങ്ങുന്നു. ഇത്തവണ കോൺഗ്രസിന് ഏറെ വിയർപ്പൊഴുക്കേണ്ടിവരുെമന്നാണ് റിപ്പോർട്ടുകൾ.
നമശിവായം ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കളെയെല്ലാം ചാക്കിട്ടുപിടിച്ച് ബി.ജെ.പി അടിത്തറ ശക്തമാക്കിയിട്ടുണ്ട്. 2016ൽ വി. നാരായണസാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ കയറിയതിനുശേഷം ബി.ജെ.പി കേന്ദ്ര നേതൃത്വം തന്ത്രപരമായാണ് കരുക്കൾ നീക്കിയത്. കിരൺബേദിയെ ലഫ്. ഗവർണറായി നിയമിച്ചാണ് കോൺഗ്രസ് സർക്കാറിെൻറ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് തടയിട്ടത്. പിന്നീട് മൂന്ന് ബി.ജെ.പി നേതാക്കളെ നോമിനേറ്റഡ് എം.എൽ.എമാരായി നിയമിച്ചു.
നാരായണസാമി മന്ത്രിസഭയിൽ രണ്ടാമനായ നമശിവായത്തെ രാജിവെപ്പിച്ച് ബി.ജെ.പിയിലെത്തിച്ചാണ് കോൺഗ്രസ് സർക്കാറിെൻറ അട്ടിമറിക്ക് തുടക്കംകുറിച്ചത്.
കോൺഗ്രസ്- ഡി.എം.കെ എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് നാരായണസാമി സർക്കാർ രാജിവെച്ചു.
ബി.ജെ.പിയോടൊപ്പം മുൻ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻ.ആർ കോൺഗ്രസ്, അണ്ണാ ഡി.എം.കെ എന്നീ കക്ഷികളും കോൺഗ്രസിനൊപ്പം ഡി.എം.കെയും ഇടതു പാർട്ടികളുമാണുള്ളത്. ഇത്തവണ എൻ. രംഗസാമിക്ക് ബി.ജെ.പി മുഖ്യമന്ത്രി പദവി വിട്ടുകൊടുക്കുമോയെന്നാണ് കണ്ടറിയേണ്ടത്. 2016ൽ 30 അംഗ നിയമസഭയിൽ 19 പേരുടെ പിന്തുണയോടെയാണ് നാരായണസാമി സർക്കാർ അധികാരത്തിലേറിയത്.
കോൺഗ്രസ് - 15, ഡി.എം.കെ - മൂന്ന്, ഇടത് സ്വത - ഒന്ന് എന്നിങ്ങനെയായിരുന്നു ഭരണമുന്നണിയിലെ കക്ഷിനില.
പ്രതിപക്ഷത്തെ എൻ. ആർ കോൺഗ്രസിന് ഏഴും അണ്ണാ ഡി.എം.കെക്ക് നാലും അംഗങ്ങളാണുണ്ടായിരുന്നത്. നമശിവായത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ചാണ് കോൺഗ്രസ് അന്ന് പ്രചാരണം നടത്തിയത്.
ഭൂരിപക്ഷം കിട്ടിയതോടെ എം.എൽ.എയല്ലാത്ത വി. നാരായണസാമിയെ കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെട്ടിയിറക്കുകയായിരുന്നു. ഇതേതുടർന്നാണ് കോൺഗ്രസിൽ അന്തശ്ഛിദ്രം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.