ബംഗാളിൽ ബി.ജെ.പിക്ക് വീണ്ടും അടിതെറ്റുന്നു; രജീബ് ബാനർജിയും തൃണമൂലിൽ തിരിച്ചെത്തിയേക്കും
text_fieldsകൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ ബി.ജെ.പിക്ക് വീണ്ടും അടിതെറ്റുന്നു. തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയ് മടങ്ങിയതിന് പിന്നാലെ പ്രമുഖ നേതാവ് രജീബ് ബാനർജിയും തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്ന് വിവരം.
തൃണമൂൽ നേതാവ് കുനാൽ ഘോഷുമായി രജീബ് ബാനർജി നടത്തിയ കൂടിക്കാഴ്ച തൃണമൂലിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിന്‍റെ ആദ്യപടിയാണെന്നാണ് വിലയിരുത്തൽ. തൃണമൂൽവിട്ട രജീബ് ബാനർജി ദോംജൂറിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു. എന്നാൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.
തൃണമൂൽ വക്താവ് കുനാൽ ഘോഷിന്‍റെ കൊൽക്കത്തയിലെ വസതിയിൽ ഇരുവരും ഏറെനേരം കൂടിക്കാഴ്ച നടത്തിയതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളില്ലെന്നും സൗഹൃദ സന്ദർശനം മാത്രമാണ് നടത്തിയതെന്നുമായിരുന്നു രജീബിന്‍റെ പ്രതികരണം. 'ഇതിനെ മറ്റൊരു രീതിയിൽ കാണാൻ ശ്രമിക്കണ്ട. കുനാലിന്‍റെ അതേ പ്രദേശത്ത് താമസിക്കുന്ന എന്‍റെ ബന്ധുവിനെ കാണാനായിരുന്നു സന്ദർശനം. അതിൽ മറ്റൊന്നുമില്ല, മര്യാദയുള്ള സന്ദർശനം മാത്രമായിരുന്നു. അവിടെ രാഷ്ട്രീയ ചർച്ചകൾക്ക് സ്ഥാനമുണ്ടായിരുന്നില്ല' -രജീബ് ബാനർജി പറഞ്ഞു.
കഴിഞ്ഞദിവസം, തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയ് പാർട്ടിയിലേക്ക് തിരിച്ചെത്തിയിരുന്നു. മുകുൾ റോയ്ക്കൊപ്പം തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയശേഷം തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ -മേയ് മാസങ്ങൾക്ക് തൊട്ടുമുമ്പ് തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ നേതാക്കളെ തിരിച്ചെടുക്കില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.
നേരത്തേ, ബി.ജെ.പി നേതാക്കൾക്ക് രജീബ് ബാനർജി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ രാഷ്ട്രപതി ഭരണം ഉയർത്തി കാണിക്കുന്ന ഭരണകൂടത്തിന്‍റെ ഭീഷണികളോട് ജനങ്ങൾ ദയ കാണിക്കില്ലെന്നായിരുന്നു രജീബ് ബാനർജിയുടെ പോസ്റ്റ്. ബി.ജെ.പിയിൽനിന്ന് അകന്ന് തൃണമൂലിലെത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണെന്നാണ് വിലയിരുത്തൽ.
ജനുവരിയിലാണ് രജീബ് ബാനർജി തൃണമൂൽ വിട്ടത്. തൃണമൂലിൽ പ്രവർത്തന, അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊഴിഞ്ഞുപോക്ക്. 2011ലും 2016ലും തൃണമൂൽ ടിക്കറ്റിൽ മന്ത്രിയായിരുന്നു ഇദ്ദേഹം.
നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ, തൃണമൂൽ വിട്ടതിൽ ഖേദിക്കുന്നുവെന്ന് വ്യക്തമാക്കി തൃണമൂൽ എം.എൽ.എമാരായിരുന്ന നിരവധി നേതാക്കൾ കത്തയച്ചിരുന്നു. ദീപേന്ദു ബിശ്വാസ്, സൊനാലി ഗുഹ തുടങ്ങിയവരാണ് തൃണമൂലിേലക്ക് മടങ്ങാനായി ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.