രാമനവമി റാലിക്കിടെ വിദ്വേഷ പ്രസംഗം: ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsഹൈദരാബാദ്: രാമനവമി റാലിക്കിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി എം.എൽ.എക്കെതിരെ പൊലീസ് കേസ്. സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്ങിനെതിരെയാണ് അഫ്സൽഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമുദായ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
രാജ വിദ്വേഷ പ്രസംഗം നടത്തിയതായി കാണിച്ച് അഫ്‌സൽഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ജെ വീരബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി രാമനവമി റാലി നടക്കുന്ന പ്രദേശത്തെ ക്രമസമാധാന പാലനച്ചുമതല എസ്.ഐ ജെ വീരബാബുവിനായിരുന്നു. ശങ്കർ ഷെർ ഹോട്ടലിന് സമീപം റാലി നടക്കുമ്പോൾ ബി.ജെ.പി എം.എൽ.എ നടത്തിയ വിദ്വേഷ പ്രസംഗം കോൺസ്റ്റബിൾ കീർത്തി കുമാർ വീഡിയോ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഹിന്ദു രാഷ്ട്രമായാൽ രണ്ട് കുട്ടികൾ എന്ന നയം പിന്തുടരുന്നവർക്ക് മാത്രമേ വോട്ടവകാശം നൽകൂ എന്ന് പറഞ്ഞാണ് വിവാദം സൃഷ്ടിച്ചത്.
‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായാൽ, ‘നാം രണ്ട് നമുക്ക് രണ്ട്’ നയത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ വോട്ടവകാശം ലഭിക്കൂ, ‘നാം അഞ്ച്, നമ്മുക്ക് 50’ നയം പിന്തുടരുന്നവരെ വോട്ടുചെയ്യാൻ അനുവദിക്കില്ല’ - ടി. രാജ സിങ് പറഞ്ഞു.
‘നമ്മുടെ സന്യാസിമാർ ഹിന്ദു രാഷ്ട്രം എങ്ങനെയായിരിക്കുമെന്നതിന്റെ രൂപരേഖ തയാറാക്കി തുടങ്ങി. അതിന്റെ ഭരണഘടനയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനം ഡൽഹി ആയിരിക്കില്ല. കാശി, മഥുര, അയോധ്യ എന്നിവിടങ്ങളിൽ ഒന്നായിരിക്കും. ഹിന്ദു രാഷ്ട്രം കർഷകർക്ക് നികുതി രഹിതമായിരിക്കും. അവിടെ ഗോഹത്യയും മതപരിവർത്തനവും ഉണ്ടാകില്ല.’ - രാജ കൂട്ടിച്ചേർത്തു.
ഈ വർഷം ജനുവരിയിൽ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണ് ടി. രാജാസിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.