'യു.എസ് പ്രസിഡന്‍റിനെതിരെ ഇങ്ങനെ ചെയ്യാമെങ്കിൽ ആർക്കെതിരെയും പറ്റും'- ട്വിറ്ററിനെതിരെ ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അക്കൗണ്ട് ട്വിറ്റർ പൂട്ടിച്ച നടപടിയെ വിമർശിച്ച് ബി.ജെ.പി എം.പി തേജസ്വി സൂര്യ. ട്രംപിനെതിരായ നടപടി അനിയന്ത്രിതമായി നിൽക്കുന്ന ടെക് ഭീമൻമാരിൽ നിന്നുള്ള ഭീഷണിക്കെതിരായ മുന്നറിയിപ്പാണെന്ന് തേജസ്വി സൂര്യ ഓർമിപ്പിച്ചു.
സമീപകാല ട്വീറ്റുകള്‍ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന്‍റെ അക്കൗണ്ട് പൂട്ടിച്ചത്. കാപിറ്റോൾ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
'അനിയന്ത്രിതമായ വൻകിട ടെക് കമ്പനികൾ ജനാധിപത്യ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് ഇതുവരെ മനസിലാക്കാത്ത എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ഇത്. യു.എസ് പ്രസിഡന്‍റിനോട് അവർക്ക് ഇത് ചെയ്യാൻ സാധിക്കുമെങ്കിൽ ആരോടും ചെയ്യാൻ കഴിയും. നമ്മുടെ ജനാധിപത്യത്തിന്‍റെ നന്മക്കായി നിയന്ത്രണങ്ങൾ അവലോകനം ചെയ്യും'- ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തെ ടാഗ് ചെയ്ത് കൊണ്ട് സൂര്യ ട്വീറ്റ് ചെയ്ത്.
ട്രംപിനെതിരായ ട്വിറ്ററിന്‍റെ നീക്കത്തെ ബി.ജെ.പി സോഷ്യൽ മിഡിയ തലവൻ അമിത് മാളവ്യയും വിമർശിച്ചു. 'നിലവിലെ യു.എസ് പ്രസിഡന്‍റായ ഡോണൾഡ് ട്രംപിനെ അപകീർത്തിപ്പെടുത്തുന്നത് അപകടകരമായ ഒരു മാതൃകയാണ്. വലിയ സാങ്കേതിക സ്ഥാപനങ്ങളാണ് ഇപ്പോൾ പുതിയ പ്രഭുക്കന്മാർ' -മാളവ്യ ട്വീറ്റ് ചെയ്തു.
ബി.ജെ.പിയുടെ യുവനേതാവും ബംഗളൂരു സൗത്തിൽ നിന്നുള്ള എം.പിയുമായ സൂര്യ അടുത്തിടെ നടന്ന ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിനിടെ നടത്തിയ വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയെ പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ അവതാരമെന്ന് വിശേഷിപ്പിച്ച സൂര്യയുടെ പരാമർശം വിവാദമായിരുന്നു. പിന്നാലെ സാമുദായിക സ്പർധ വളർത്തുന്നുവെന്ന് കാണിച്ച് ഹൈദരാബാദ് പൊലീസ് സൂര്യക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.